തിരൂര്‍: 11627 നമ്പര്‍ വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ്സില്‍ നിന്ന് കോളേജ് വിദ്യാര്‍ഥിനികളെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് ഇറക്കിവിട്ടതായി പരാതി. തമിഴ്‌നാട്ടിലെ പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെയാണ് തീവണ്ടിയിലെ പോലീസുകാര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇറക്കി വിട്ടത്.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും ലേഡീസ് കമ്പാര്‍ട്ടുമെന്റിലും നില്‍ക്കാന്‍ ഇടമില്ലാതായതോടെ വിദ്യാര്‍ഥിനികള്‍ എസ്.ടു കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലിന് സമീപത്ത് കയറി നിന്നു. വനിതാ പോലീസുകാര്‍ വിദ്യാര്‍ഥിനികളുടെ വിഷമം മനസ്സിലാക്കി അനുഭാവ നിലപാട് എടുത്തുവെങ്കിലും പുരുഷപോലീസുകാര്‍ എത്തി രാത്രിയില്‍ വിദ്യാര്‍ഥിനികളെ വഴിമധ്യേ കുറ്റിപ്പുറത്ത് ഇറക്കിവിടുകയായിരുന്നു. കോഴിക്കോട്ടും തിരൂരും ഇറങ്ങേണ്ട വിദ്യാര്‍ഥിനികളെ പോലീസ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.കുറ്റിപ്പുറം പ്ലാറ്റ് ഫോമില്‍ നിന്ന് കരഞ്ഞ കുട്ടികളെ യാത്രക്കാര്‍ സ്‌റ്റേഷന്‍മാസ്റ്ററുടെ ഓഫീസില്‍ എത്തിച്ചു. വിവരമറിഞ്ഞ് തിരൂരിലെയും കോഴിക്കോട്ടെയും ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ രക്ഷിതാക്കള്‍ റെയില്‍വെ അധികൃതര്‍ക്കും മനുഷ്യാവകാശ കമ്മീഷനും കേന്ദ്രവനിതാ കമ്മീഷനും പരാതി നല്‍കി.
 
Top