
എടപ്പാള്‍: മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തത് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിന് തിരിച്ചടിയാവുന്നു.
അവശ്യവസ്തുക്കളായ അരി, പഞ്ചസാര, മുളക്, മല്ലി, പരിപ്പ്, ചെറുപയര്‍, കടല, ഉഴുന്നുപരിപ്പ്, കടുക്, ജീരകം തുടങ്ങി 13 ഇനങ്ങളാണ് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതില്‍ മിക്കസാധനങ്ങളും സ്റ്റോക്കില്ലാതായി തുടങ്ങി.
സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലനിശ്ചയിച്ച് ഇ-ടെന്‍ഡര്‍ മുഖേന വിതരണക്കാരെ നിശ്ചയിച്ചാണ് സബ്‌സിഡിസാധനങ്ങള്‍ മാവേലി സ്റ്റോറുകളിലെത്തിച്ചിരുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകാനുണ്ടായ ചെറിയ താമസമാണ് പ്രശ്‌നത്തിനു കാരണമെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ അത് അവസാനഘട്ടത്തിലാണെന്നും ഉടന്‍ സാധനങ്ങളെത്തുമെന്നും ഇവര്‍ പറയുന്നു.