തിരൂര്‍: തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രത്തിലെ വാവുത്സവം സമാപിച്ചു. നവംബര്‍ അഞ്ചിന് സപ്തമിക്ക് അര്‍ധരാത്രി പാണികൊട്ടിയാണ് ഉത്സവത്തിന് തുടക്കം കുറിച്ച്. അഞ്ചിന് അമ്പലക്കുളങ്ങര ക്ഷേത്രത്തില്‍ കലവറ നിറയ്ക്കലും നടന്നിരുന്നു.

ഉത്സവകാലത്ത് സുധര്‍മ, മാട്ടായി, ഉള്ളാട്ടില്‍, പുന്നക്കല്‍, വന്നേരി മന, കോടതി വക, പൊറ്റേത്ത് തറവാട്‌വക എന്നിങ്ങനെ ഓരോ ദിവസവും വിളക്ക് തെളിയിച്ചിരുന്നു. തൃപ്രങ്ങോട് പരമേശ്വരമാരാര്‍, നീലേശ്വരം സന്തോഷ്, നീലേശ്വരം നന്ദകുമാര്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, പ്രശാന്ത് പള്ളിപ്പാട്, ശുകപുരം രഞ്ജിത്, കരേടം ചന്ദ്രന്‍, പനമണ്ണ ശശി, സദനം രാമകൃഷ്ണന്‍, ചെറുതാഴം ചന്ദ്രന്‍, ചിറക്കല്‍ നിധീഷ് എന്നിവരുട തായമ്പകയും ചെറുതാഴം ചന്ദ്രന്റെ മേളവും പനമണ്ണ മനോഹരന്റെ നാദസ്വരവും കുട്ടമ്പത്ത് ജനാര്‍ദനന്റെ ഓട്ടംതുള്ളലും പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്തും അരങ്ങേറി.

വാവുത്സവ സമാപനദിവസമായ ചൊവ്വാഴ്ച ക്ഷേത്ര പൂജകള്‍ക്കുശേഷം ഭണ്ഡാരക്കാവിലേക്ക് കാലത്ത് പാണികൊട്ടി ഭണ്ഡാരം എഴുന്നള്ളിച്ചു. വൈകീട്ട് ഭണ്ഡാരക്കാവിലേക്ക് വാദ്യമേളങ്ങളോടെ എഴുന്നള്ളിപ്പും നടത്തി. ശ്രീഭൂതബലിക്കുശേഷം നട അടച്ചു.
 
Top