പുലാമന്തോള്‍: അരിയില്ലാത്തതിനാല്‍ പുലാമന്തോള്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ ഉച്ചഭക്ഷണപദ്ധതി താളംതെറ്റുന്നു. കുട്ടികളുടെ വീടുകളില്‍നിന്ന് കൊണ്ടുവരുന്നതും അങ്കണവാടികള്‍ക്കടുത്തുള്ള വീടുകളില്‍ നിന്ന് ശേഖരിക്കുന്നതുമായ അരി ഉപയോഗിച്ചാണ് ഇപ്പോള്‍ ഉച്ചഭക്ഷണം കൊടുക്കുന്നത്. അവരവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്നും രക്ഷിതാക്കള്‍ അങ്കണവാടികളില്‍ എത്തിച്ചുകൊടുത്തുമാണ് കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ചില കുട്ടികളെ രക്ഷിതാക്കള്‍ വീടുകളില്‍ കൊണ്ടുപോയി ഉച്ചഭക്ഷണം കഴിപ്പിച്ച് തിരികെ കൊണ്ടുവിടാറുണ്ട്. ഇതുമൂലം പലതവണ രക്ഷിതാക്കള്‍ക്ക് അങ്കണവാടികളില്‍ എത്തേണ്ടി വരുന്നു. 34 അങ്കണവാടികളിലായി 1280 കുട്ടികള്‍ പുലാമന്തോളിലുണ്ട്.

ആഗസ്തില്‍ എത്തിയ അരി സപ്തംബര്‍ 15 വരെയുള്ള സമയത്തേക്ക് മാറ്റിവെച്ച് ബാക്കിയുള്ള അരി കുട്ടികള്‍ക്ക് വിതരണം ചെയ്യാനാണ് നിര്‍ദേശമുണ്ടായിരുന്നത്. അരി പഴകുമെന്നതിനാലാണ് ഇങ്ങനെയുള്ള നിര്‍ദേശം ലഭിച്ചത്. ഇതാണ് ഉച്ചഭക്ഷണപ്രതിസന്ധിക്ക് കാരണം.

കേന്ദ്രസര്‍ക്കാരിന്റെ ഡബ്ല്യു.ബി.എന്‍.പി പദ്ധതി പ്രകാരം ഒരു കുട്ടിക്ക് പ്രതിദിനം 60 ഗ്രാം എന്ന തോതിലാണ് ഐ.സി.ഡി.എസ് മുഖേന അരി ലഭിക്കുന്നത്. വര്‍ഷത്തില്‍ ഏപ്രില്‍, ആഗസ്ത് എന്നീ മാസങ്ങളിലാണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ മുഖേന അങ്കണവാടികളില്‍ അരി എത്തുന്നത്. അരി ഒഴികെയുള്ള പച്ചക്കറി, ചെറുപയര്‍, നിലക്കടല, കടല, ഉഴുന്ന്, ഗോതമ്പ്‌പൊടി, വിറക് എന്നിവ പഞ്ചായത്താണ് നല്‍കുന്നത്. മാസത്തില്‍ 25-ാം തിയ്യതിക്കു ശേഷമുള്ള ആദ്യത്തെ പ്രവൃത്തി ദിനത്തിലെ പഞ്ചായത്ത് സെക്ടര്‍ യോഗത്തിലാണ് ജീവനക്കാര്‍ അങ്കണവാടികളിലെ ചെലവ് അവതരിപ്പിക്കുന്നത്. ഇതനുസരിച്ച് പഞ്ചായത്ത് ഐ.സി.ഡി.എസ് മുഖേന തുക കൈമാറും. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ അങ്കണവാടി പ്രവര്‍ത്തനാവശ്യങ്ങള്‍ക്ക് 20 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും നേരത്തെ സാധനങ്ങള്‍ എത്തിച്ചുതന്നിരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കുടിശ്ശികയുള്ളതിനാല്‍ മറ്റൊരു സൊസൈറ്റിയെ സമീപിച്ച് രണ്ടുമാസം മുമ്പ് അരി ഒഴികെയുള്ള സാധനങ്ങള്‍ അങ്കണവാടികളില്‍ എത്തിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യമായാല്‍ കുടിശ്ശിക തീര്‍ത്ത് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് ഉച്ചഭക്ഷണപദ്ധതി പ്രതിസന്ധിയിലായത്. അങ്കണവാടികളില്‍ ഉച്ചഭക്ഷണപദ്ധതി താളംതെറ്റിയതില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
 
Top