കൊണ്ടോട്ടി: ദീപാവലി മിഠായിയെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് എലിവിഷം നല്‍കിയ പലചരക്ക് കടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചെറുവായൂര്‍ കണ്ണത്തുംപാറ ചക്കുംപുറായ് ഉമ്മറി(47)നെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചെറുവായൂര്‍ മൈന എ.എം.യു.പി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ എലിവിഷം നല്‍കിയത്. അയല്‍വാസികളായ കുട്ടികള്‍ ദിപാവലിയെക്കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു തിങ്കളാഴ്ച വൈകീട്ട് സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്. കടയിലിരുന്ന് ഇതുകേട്ട ഉമ്മര്‍ ദീപാവലി മിഠായി ഇവിടെയുണ്ടെന്ന് പറഞ്ഞ് കുട്ടികളെ വിളിച്ച് എലിവിഷത്തിന്റെ പാക്കറ്റ് നല്‍കുകയായിരുന്നു. 15 രൂപ വിലയുള്ള എലിവിഷം പണം വാങ്ങാതെയാണ് നല്‍കിയത്.
പാക്കറ്റില്‍ എലിയുടെ ചിത്രംകണ്ട കുട്ടികള്‍ കഴിക്കാതെ വീട്ടില്‍കൊണ്ടുവന്ന് അമ്മയോട് പറഞ്ഞു. പാക്കറ്റിലുള്ളത് എലിവിഷമാണെന്ന് തിരിച്ചറിഞ്ഞതിനെ ത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എസ്.ഐ കെ.കെ. മുഹമ്മദാലിയുടെയും എ.എസ്.ഐ ഉണ്ണിയുടെയും നേതൃത്വത്തില്‍ പോലീസ് കടയിലെത്തിയാണ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തത്. മൂന്നുവര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷലഭിക്കാവുന്ന വിധത്തിലാണ് ഇയാള്‍ക്കെതിരെ കേസ്സെടുത്തത്.