
കോട്ടയ്ക്കല്‍: എടരിക്കോട് കവലയിലെ വാഹനയാത്രികരുടെയും പ്രദേശവാസികളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ ഒട്ടേറെ വാഹനാപകടങ്ങള്‍ക്ക് സാക്ഷിയായ എടരിക്കോട് കവലയില്‍ 'ഹൈമാസ്റ്റ് ലൈറ്റ്' സ്ഥാപിക്കാന്‍ ധാരണയായി. സ്ഥലം എം.എല്‍.എയും വിദ്യാഭ്യാസവകുപ്പ് മന്ത്രിയുമായ പി.കെ. അബ്ദുറബ്ബിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിക്കുക. ഇതിനായി 4,60,000 രൂപ അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഡ്‌കോയുമായി എടരിക്കോട് പഞ്ചായത്ത് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു. 45 ദിവസത്തിനുള്ളില്‍ ലൈറ്റ് സ്ഥാപിക്കാനാണ് ധാരണയായത്.
തിരൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്ക് വഴിപിരിയുന്ന എടരിക്കോട് കവലയില്‍ രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചമില്ലാത്തതിനാല്‍ യാത്ര പ്രയാസമായിരുന്നു. നാഷണല്‍ ഹൈവെ അതോറിറ്റിയുടെ അനുമതികൂടി ലഭിച്ചാല്‍ സിഡ്‌കോ അധികൃതര്‍ ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും.