
മലപ്പുറം:അവിവാഹിതകളായ രണ്ട് യുവതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സംഭവത്തില്‍ പിതൃത്വനിര്‍ണയത്തിന് ഡി.എന്‍.എ പരിശോധന നടത്താന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. യുവതികള്‍ പരാതിയില്‍ ഉന്നയിച്ചവര്‍ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് പരിശോധന നടത്തുന്നത്. അരീക്കോട് സ്വദേശിയായ 27കാരിയും മലപ്പുറം സ്വദേശിയായ 22കാരിയുമാണ് പരാതിക്കാര്‍. ഇരുവരുടെയും അയല്‍വാസികളായ യുവാക്കള്‍ക്കെതിരെയാണ് പരാതി. തങ്ങള്‍ക്കും കുഞ്ഞിനും ചെലവിന് ലഭിക്കുന്നില്ലെന്ന് ഇവര്‍ പരാതിയില്‍ ആരോപിച്ചു. ഡി.എന്‍.എ പരിശോധനയില്‍ പിതൃത്വം തെളിഞ്ഞാല്‍ സംരക്ഷണം നല്‍കാമെന്നും ചെലവിന് നല്‍കാമെന്നും ആരോപണവിധേയരായവര്‍ കമ്മീഷനെ അറിയിച്ചു.
നടക്കാന്‍ വഴിനല്‍കുന്നില്ലെന്ന് കാണിച്ച് ലഭിച്ച മൂന്ന് പരാതികള്‍ കൂടുതല്‍ അന്വേഷണത്തിനായി ആര്‍.ഡി.ഒക്ക് വിടാനും തീരുമാനിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്ന് കാണിച്ച് രണ്ട് പരാതികള്‍ കമ്മീഷന്റെ പരിഗണനയില്‍ വന്നിരുന്നു. കമ്മീഷന്‍ അംഗം നൂര്‍ബിന റഷീദിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തിലാണ് പരാതി പരിഗണിച്ചത്.പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിവില്‍ പൊലീസ് ഓഫീസറും അപമര്യാദയായി പെരുമാറിയെന്ന പരാതിയും കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. കല്‍പ്പകഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. പിതാവിന്റെ സ്വത്തുക്കള്‍ വീതംവെച്ച് കിട്ടണമെന്നാവശ്യപ്പെട്ട പരാതിയും കമ്മീഷന് ലഭിച്ചു. വനപാലകന്‍ വീട്ടില്‍ക്കയറി ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നിലവില്‍ പോലീസ് കേസ് നിലനില്‍ക്കുന്നതിനാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിച്ചു.
അദാലത്തില്‍ പരിഗണിച്ച 61 കേസുകളില്‍ 28 കേസുകള്‍ തീര്‍പ്പാക്കി. ഒമ്പതെണ്ണം അടുത്ത സിറ്റിങ്ങിലേയ്ക്ക് മാറ്റി. മൂന്ന് കേസുകള്‍ ആര്‍.ഡി.ഒയുടെ പരിഗണനയ്ക്ക് വിട്ടു. 21 കേസുകളില്‍ പരാതിക്കാര്‍ ഹാജരായില്ല. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ ജാഗ്രതാസമിതി അംഗം അഡ്വ. സുജാത വര്‍മ്മ, അഡ്വ. ഹാറൂണ്‍ റഷീദ്, അഡ്വ. കവിത ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.