എടപ്പാള്‍:വീണ്ടുമൊരു മണ്ഡലമാസംകൂടി വരവായി. ക്ഷേത്രങ്ങളും വിശ്വാസി ഭവനങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും വ്രതാനുഷ്ഠാനങ്ങളുമായി മണ്ഡലക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി.

വട്ടംകുളം പുരമുണ്ടെക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മണ്ഡലമാസപ്പിറവിയായ വെള്ളിയാഴ്ച തന്നെ അയ്യപ്പന്‍വിളക്കാണ്. കോലത്ത് അയ്യപ്പന്‍കാവ്, കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്, വട്ടംകുളം എരുവപ്രക്കുന്ന് അയ്യപ്പസ്വാമിക്ഷേത്രം, വട്ടംകുളം ഷഷ്ഠിയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുറ്റിപ്പാല ചെമ്പുഴ അയ്യപ്പക്ഷേത്രം, ചോലക്കുന്ന് തറയന്‍കുന്ന് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെല്ലാം മണ്ഡലമാസത്തില്‍ അയ്യപ്പന്‍വിളക്ക്, അഖണ്ഡനാമയജ്ഞം തുടങ്ങിയ പരിപാടികളുണ്ട്.

എടപ്പാള്‍: ശുകപുരം ചമ്പ്രമാണം ശിവക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞം 24ന് നടക്കും. ഗണപതിഹോമം, ഹരിനാമകീര്‍ത്തനം, ദീപാരാധന, കര്‍പ്പൂരാഴി എന്നിവയും ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനവും നടക്കും. പെരുമുക്ക് കാരേക്കാട് ഭഗവതിക്ഷേത്രത്തിലെ അഖണ്ഡനാമം വെള്ളിയാഴ്ച നടക്കും.

കാലടിത്തറ വടക്കെ മണലിയാര്‍കാവ് ക്ഷേത്രത്തില്‍ മണ്ഡലമാസാചരണത്തിന്റെ ഭാഗമായി 18ന് അഖണ്ഡനാമയജ്ഞവും 19ന് സര്‍വൈശ്വര്യപൂജയും പ്രതിഷ്ഠാദിനാഘോഷവും നടക്കും. ഞായറാഴ്ച ഹരിനാമകീര്‍ത്തനം, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് കര്‍പ്പൂരാഴി എന്നിവ നടക്കും. തിങ്കളാഴ്ച നവകം, പഞ്ചഗവ്യം, കലശം, വൈകീട്ട് അഞ്ചിന് സര്‍വൈശ്വര്യപൂജയ്ക്കുശേഷം വെടിക്കെട്ട്, വിളക്കുവെപ്പ് എന്നിവയും നടക്കും.

എടപ്പാള്‍ ഉദിനിക്കര സ്‌കൂള്‍ അങ്കണത്തിലെ അയ്യപ്പന്‍വിളക്ക് 24ന് നടക്കും. ഹരിനാമകീര്‍ത്തനം, ചെണ്ടമേളം, അന്നദാനം, മൂന്നുമണിക്ക് പൊറൂക്കര സുബ്രഹ്മണ്യകോവിലില്‍നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, സന്ധ്യക്ക് ഭക്തിഗാനമേള, ഉടുക്കുപാട്ട്, പാതിരാതാലം, ഗുരുതിതര്‍പ്പണം എന്നിവ നടക്കും. വറവട്ടൂര്‍ മാധവന്‍ സ്വാമിയാണ് വിളക്കുപാര്‍ട്ടി. തലമുണ്ട മാനത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ അഖണ്ഡനാമവും അന്നദാനവും ഞായറാഴ്ച നടക്കും.
 
Top