കുറ്റിപ്പുറം: രണ്ടുവര്‍ഷം മുന്‍പു നടന്ന വിഷക്കള്ള് ദുരന്തത്തില്‍ കാഴ്ച നഷ്ടപ്പെട്ടയാളെ കുറ്റിപ്പുറത്ത് റെയില്‍പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. സേലം ഓമല്ലൂര്‍ സ്വദേശിയും കുറ്റിപ്പുറത്ത് താമസക്കാരനുമായ ലോറന്‍സ് സഹായ് രാജ്(രാജു-44)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടെ റെയില്‍വെ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. 2010ലുണ്ടായ മലപ്പുറം വിഷക്കള്ള് ദുരന്തത്തിലെ ഇരയായിരുന്നു രാജു. കുറ്റിപ്പുറത്തെ ഷാപ്പില്‍നിന്നാണ് രാജു വിഷകള്ള് കുടിച്ചത്. ദുരന്തത്തിനിരയായ രാജുവിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

എന്നിട്ടും അര്‍ഹമായ ധനസഹായം കിട്ടാത്തതില്‍ മനംനൊന്താണ് രാജു ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. അധികൃതര്‍ക്ക് നല്‍കിയ നിവേദനങ്ങളുടേയും ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ മൃതദേഹത്തില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.

ദുരന്തത്തിനിരയായെങ്കിലും കാഴ്ചയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളൊന്നും രാജുവിന്റെ കയ്യിലുണ്ടായിരുന്നില്ല. ധനസഹായം ലഭിക്കുന്നതില്‍നിന്നും തഴയപ്പെടാന്‍ ഇതാണ് കാരണമായത്. പിന്നീട് ലഭിച്ച കാഴ്ചയില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍, വിഷക്കള്ള് ദുരന്തം അന്വേഷിക്കുന്ന രാജേന്ദ്രന്‍ നായര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയിരുന്നു. കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് ശുപാര്‍ശചെയ്തിരുന്നു.

ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുവകുപ്പ് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തഹസില്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച രാജേന്ദ്രന്‍ നായര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബസിലും ലോറിയിലും ഡ്രൈവറായിരുന്ന രാജു അഞ്ചുവര്‍ഷം മുമ്പാണ് കുമ്പിടി ഉമ്മത്തൂരിലെ പുളിക്കല്‍ ലതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. സ്വന്തമായി വീടില്ലാത്തതിനാല്‍ കുറ്റിപ്പുറത്തെ വിവിധ സ്ഥലങ്ങളില്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. നാലുവയസുള്ള രാഹുലാണ് ഏക മകന്‍.

കുറ്റിപ്പുറം എസ്.ഐ. രാജ്‌മോഹന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ താലൂക്ക് ആസ്​പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിരൂര്‍ പൊറ്റമ്മലിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
 
Top