
പെരിന്തല്‍മണ്ണ: വള്ളുവനാടന്‍ പൂരങ്ങള്‍ക്ക് തുടക്കമിട്ട് പാതായ്ക്കര മനയ്ക്കല്‍ ഭഗവതിയുടെ താലപ്പൊലിക്ക് തിടമ്പേറി. പൂതംകളിയുടെയും ആനകളുടെയും അകമ്പടിയോടെ നാലേകാലോടെയാണ് ഭഗവതി പുറത്തേക്ക് എഴുന്നള്ളിപ്പിനിറങ്ങിയത്.
പള്ളിയേലിലെ അയ്യപ്പന്‍കാവിലെത്തിയ എഴുന്നള്ളിപ്പില്‍ ദേശവേലകളും പങ്കുചേര്‍ന്നു. തുടര്‍ന്ന് ഗജവീരന്‍മാരുടെയും അമ്മന്‍കുടത്തിന്റെയും മേളത്തിന്റെയും കൂടെ ദേശവേലകളും ചേര്‍ന്ന് ഭഗവതി തിരിച്ചെഴുന്നള്ളി.
തുടര്‍ന്ന് വാദ്യകുലപതി അന്നമനട പരമേശ്വരന്‍ മാരാരുടെ നായകത്വത്തില്‍ അമ്പതോളം വാദ്യകലാകാരന്‍മാര്‍ നിരന്ന പഞ്ചവാദ്യവും താലപ്പൊലിക്ക് മിഴിവേകി.
ഗജകേസരി മംഗലാംകുന്ന് കര്‍ണ്ണന്‍, മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് ഗജേന്ദ്രന്‍ തുടങ്ങിയവരായിരുന്നു ഗജവീരന്‍മാര്‍.
പാതായ്ക്കര മനയ്ക്കല്‍ ഭഗവതിയുടെ താലപ്പൊലിയോടെയാണ് വള്ളുവനാടന്‍ പൂരങ്ങള്‍ക്ക് തുടക്കമാവുന്നത്. തുലാം മുപ്പതിന് തുടങ്ങി മേടം 30ന് മുളയങ്കാവിലെ താലപ്പൊലിയോടെയാണ് പൂരങ്ങള്‍ സമാപിക്കുന്നത്.