പാണ്ടിക്കാട്: കുത്തിയൊഴുകുന്ന കാക്കാത്തോടിന് മുകളിലൂടെ മുളങ്കമ്പുകളില്‍ തൂങ്ങിയാടിയുള്ള വാളാനി നിവാസികളുടെ യാത്രയ്ക്ക് അവസാനമാകുന്നില്ല. പാണ്ടിക്കാട് പഞ്ചായത്തിലെ വാളാനിയിലെ വട്ടത്തിപ്പാറക്കടവിലാണ് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസേന ഈ തൂക്കുപാലം താണ്ടുന്നത്.

വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വാളാനിക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ആശ്രയമാണ് ഈ നടപ്പാലം. ഓരോ വര്‍ഷവും മുളയും കവുങ്ങും ഉപയോഗിച്ച് തൂക്കുപാലത്തിന്റെ മാതൃകയില്‍ നാട്ടുകാര്‍ തന്നെ കെട്ടിയുണ്ടാക്കുന്നതാണിത്. വിദ്യാലയങ്ങള്‍, ഓഫീസുകള്‍, കടകള്‍, ആസ്​പത്രി എന്നിവിടങ്ങളിലേക്കെല്ലാം 25 മീറ്ററോളം നീളമുള്ള ഈപാലം കടന്നുവേണം ഇവിടുത്തുകാര്‍ക്കെത്താന്‍. അല്ലെങ്കില്‍ ഏഴ് കി.മീ.ചുറ്റണം.

ദുര്‍ബലമായ മൂന്ന് കവുങ്ങിന്‍പാളികള്‍ നെടുനീളത്തില്‍ ഏച്ചുകെട്ടിയുണ്ടാക്കിയതാണ് പാലത്തിന്റെ നട്ടെല്ല്. ഇതിനെ താങ്ങിനിര്‍ത്തുന്നത് അതിലേറെ ദുര്‍ബലമായ തൂണുകളില്‍. വെള്ളത്തിന് ഒഴുക്കും ശക്തിയുമേറുമ്പോള്‍ ഈ താങ്ങുകള്‍ വിറയ്ക്കും. ഒപ്പം മേല്‍പ്പാലവും.

തോടിന്റെ ഒരുഭാഗം പാണ്ടിക്കാട് പഞ്ചായത്തിലും മറുഭാഗം മഞ്ചേരി മുനിസിപ്പാലിറ്റിയിലുമാണെന്നത് പാലം ആര് പണിയണമെന്ന തര്‍ക്കത്തിനിടയാക്കുന്നുണ്ട്. പാലത്തിലൂടെയുള്ള ദുരിതയാത്രയും നാട്ടുകാരുടെ ദുഃഖവും പലരും വോട്ടാക്കി മാറ്റി.
 
Top