മക്കരപ്പറമ്പ്: റവന്യുജില്ലാ ശാസ്‌ത്രോത്സവത്തിലെ ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.എസ് വിഭാഗത്തിലും യു.പി, എല്‍.പി വിഭാഗങ്ങളിലും മലപ്പുറം ഉപജില്ലയ്ക്ക് ഓവറോള്‍ കിരീടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വേങ്ങര ഉപജില്ല ഓവറോള്‍ നേടി.

ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.എസ് വിഭാഗത്തില്‍ 52 പോയന്റോടെയാണ് മലപ്പുറം ഒന്നാമതെത്തിയത്. 30 പോയന്റുമായി കൊണ്ടോട്ടി ഉപജില്ല രണ്ടാംസ്ഥാനം നേടി. 29 പോയന്റുവീതം നേടി എടപ്പാള്‍, പരപ്പനങ്ങാടി ഉപജില്ലകള്‍ മൂന്നാംസ്ഥാനം പങ്കിട്ടു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 42 പോയന്റോടെയാണ് വേങ്ങര ഒന്നാമതെത്തിയത്. കിഴിശ്ശേരി ഉപജില്ല 31 പോയന്റും മഞ്ചേരി ഉപജില്ല 29 പോയന്റും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ 33 പോയന്റാണ് മലപ്പുറം നേടിയത്. 32 പോയന്റുമായി മഞ്ചേരി ഉപജില്ല രണ്ടാമതെത്തി. 31 പോയന്റുകള്‍ വീതം നേടിയ വേങ്ങര, കിഴിശ്ശേരി ഉപജില്ലകള്‍ക്കാണ് മൂന്നാംസ്ഥാനം.

എല്‍.പി വിഭാഗത്തില്‍ 24 പോയന്റാണ് മലപ്പുറം നേടിയത്. 20 പോയന്റുമായി മഞ്ചേരി ഉപജില്ല രണ്ടാംസ്ഥാനവും 19 പോയന്റ് നേടി കുറ്റിപ്പുറം ഉപജില്ല മൂന്നാംസ്ഥാനവും നേടി.

പ്രവൃത്തിപരിചയം തത്സമയം: മലപ്പുറവും പരപ്പനങ്ങാടിയും ജേതാക്കള്‍

ശാസ്‌ത്രോത്സവം പ്രവൃത്തിപരിചയം തത്സമയ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം ഉപജില്ല ഒന്നാമതെത്തി. പരപ്പനങ്ങാടി, നിലമ്പൂര്‍ ഉപജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പരപ്പനങ്ങാടി ഉപജില്ല ഒന്നാംസ്ഥാനം നേടി. കൊണ്ടോട്ടി, വേങ്ങര ഉപജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പ്രവൃത്തിപരിചയ, സാമൂഹികശാസ്ത്ര പ്രദര്‍ശനങ്ങള്‍ ഇന്ന്

വെള്ളിയാഴ്ച 10മണി മുതല്‍ മക്കരപ്പറമ്പ് ജിവിഎച്ച്എസ്എസ്സില്‍ സാമൂഹികശാസ്ത്ര പ്രദര്‍ശനവും എഎംഎച്ച്എസ് തിരൂര്‍ക്കാടില്‍ 10 മണിമുതല്‍ പ്രവൃത്തിപരിചയ പ്രദര്‍ശനവും നടക്കും. ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പില്‍ ഐടി മത്സരങ്ങളും നടക്കും.

കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ റെയില്‍വേയ്‌ക്കൊരു പാഠം

മലപ്പുറം: തീവണ്ടിയിലെ കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് റെയില്‍വേയ്ക്ക് ഒരു പാഠം. കക്കൂസ് മാലിന്യങ്ങള്‍ തീവണ്ടിയില്‍ സ്ഥാപിച്ച പ്രത്യേക ടാങ്കുകളില്‍ എത്തിച്ച് വെള്ളം വേര്‍തിരിച്ച് ശുദ്ധീകരിക്കും.

മാലിന്യം പ്രത്യേക കേന്ദ്രങ്ങളിലെത്തുമ്പോള്‍ അവിടെ ശേഖരിക്കും. റെയില്‍വേട്രാക്കില്‍ കക്കൂസ് മാലിന്യം നിറയുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല. കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്സിലെ മുഹമ്മദ് നസീഫ്, അജ്മല്‍ ബാബു എന്നിവരാണ് ഈ കണ്ടുപിടിത്തം അവതരിപ്പിച്ചത്. 

ബൈക്ക് സ്റ്റാര്‍ട്ടാവണോ... ഹെല്‍മറ്റ് ധരിക്കണം

മലപ്പുറം: ഈ സംവിധാനം നടപ്പാക്കിയാല്‍പിന്നെ ഹെല്‍മറ്റിടാതെ ബൈക്ക് ഓടിക്കുന്നവരെ പിടികൂടാന്‍ പോലീസ് കഷ്ടപ്പെടേണ്ടിവരില്ല. കാരണം ബൈക്ക് സ്റ്റാര്‍ട്ട് ആവണമെങ്കില്‍ ഹെല്‍മറ്റ് ധരിച്ചേമതിയാകൂ. പടപ്പറമ്പ് ഐ.യു.എച്ച്.എസ്.എസ്സിലെ മുഹമ്മദ് സഫീറിന്റെയും മുഹമ്മദ് ജസീല്‍ഖാന്റെയുമാണ് ഈ കണ്ടെത്തല്‍. സോളാര്‍ ചാര്‍ജറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയില്‍ പ്രവര്‍ത്തിക്കാന്‍ സാധാരണ ബാറ്ററിയുമുണ്ട്. ഹെല്‍മറ്റ് ധരിക്കുന്നതോടൊപ്പം മാത്രമേ ബൈക്ക് സ്റ്റാര്‍ട്ടാവുള്ളൂ എന്നതുകൊണ്ടുതന്നെ അപകടസാധ്യതയും കുറയ്ക്കാനാകും. മാത്രമല്ല ഒരു ബൈക്കിന് അതിന്റെ ഹെല്‍മറ്റ്മാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ ഹെല്‍മറ്റ് കള്ളന്മാര്‍ക്കും ഈ കണ്ടുപിടിത്തം തിരിച്ചടിയാവും.

ടാങ്കര്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍

ആ ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട് ഗ്യാസ് ചോര്‍ന്ന് ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയാണ് ശാസ്ത്രമേളയിലൂടെ കുട്ടികള്‍. ഗ്യാസ് നിറയ്ക്കുന്ന ടാങ്കില്‍ ചില സുരക്ഷാ ക്രമീകരണങ്ങളാണ് നിര്‍ദേശിക്കുന്നത്.

ടാങ്കിനുള്ളില്‍ ഒരു ടാങ്കുകൂടി ക്രമീകരിക്കണം. രണ്ട് ടാങ്കിന്റെയും ഇടയില്‍ മണല്‍ നിറയ്ക്കണം. ടാങ്കര്‍ മറിഞ്ഞ് പുറമേയുള്ള ടാങ്ക് പൊട്ടിയാലും മണലിന്റെ കവചമുള്ള ഉള്ളിലെ ടാങ്കിന് ആഘാതമുണ്ടാകില്ലെന്ന് കുട്ടികള്‍ പറയുന്നു. ഇതോടൊപ്പം ടാങ്കിന് ചുറ്റും പ്രത്യേക സംരക്ഷണ കവചവും നിര്‍മിക്കും. വാല്‍വിന്റെ സ്ഥാനത്തിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്സിലെ വി.സി. ഗോകുല്‍ദാസാണ് ഈ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിച്ചത്. ഗ്യാസ് ചോരുമ്പോള്‍ മൊബൈലില്‍ മെസ്സേജ് ലഭിക്കുന്ന സംവിധാനമാണ് പാലേമാട് എസ്.വി.എച്ച്.എസ്.എസ്സിലെ കുട്ടികള്‍ അവതരിപ്പിച്ചത്. 

പുളിച്ച സാമ്പാറില്‍ നിന്ന് വൈദ്യുതി

പുളിച്ച സാമ്പാര്‍ വെറുതെ കളയേണ്ടതില്ല... അതില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാം... പുളിച്ച ഭക്ഷണപദാര്‍ഥങ്ങളിലെ ആസിഡും സിങ്ക്, കോപ്പര്‍ തകിടുകളും ചേര്‍ത്തുള്ള സംവിധാനം ഉപയോഗിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. മൂര്‍ക്കനാട് എ.ഇ.എം.എ.എല്‍.പി സ്‌കൂളിലെ എ.എം. അന്‍ഷിദയും പി. ഷംനയുമാണ് ഈ മാതൃക അവതരിപ്പിച്ചത്.

വാഴവൈവിധ്യങ്ങളുമായി....

വാഴകളുടെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണാനും വാഴകളെക്കുറിച്ച് അറിയാനും ശാസ്ത്രമേളയിലെ എല്‍.പി വിഭാഗത്തിന്റെ സ്റ്റാളുകള്‍ കാണണം. വിവിധയിനം വാഴപ്പഴങ്ങള്‍... വാഴകൊണ്ട് ഉണ്ടാക്കാവുന്ന ഉത്പന്നങ്ങള്‍... ഭക്ഷണവിഭവങ്ങള്‍...

ഹസാംഗ് സെറിബു എന്ന അലങ്കാരവാഴമുതല്‍ നിരവധി ഇനങ്ങള്‍ ഇതില്‍ ഒരുക്കിയിരുന്നു. 103 തരം വാഴകളുടെ പ്രദര്‍ശനമാണ് മേലങ്ങാടി ജി.എം.എല്‍.പി. സ്‌കൂള്‍ ഒരുക്കിയത്. കൂടാതെ 70-ഓളം വാഴക്കന്നുകളും 40 ഓളം വാഴ ഉത്പന്നങ്ങളും ഇതില്‍ ഒരുക്കിയിരുന്നു. വിവിധ ഉപജില്ലകളില്‍ നിന്നുള്ള സ്‌കൂളുകള്‍ വാഴയുടെ വിവിധ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടിയത് എല്‍.പി വിഭാഗം സ്റ്റാളുകളായിരുന്നു. ഒരു ക്ലാസ്മുറിയില്‍ത്തന്നെ നാല് ഉപജില്ലകളിലെ സ്‌കൂളുകള്‍ക്ക് സ്റ്റാള്‍ ഒരുക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ പല സ്‌കൂളുകള്‍ക്കും മുഴുവന്‍ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതി ഉയര്‍ന്നു. 17 ഉപജില്ലകളില്‍നിന്ന് രണ്ടുവീതം സ്‌കൂളുകള്‍ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നെങ്കിലും പല സ്‌കൂളുകളും ഈ വിഭാഗത്തില്‍ പ്രദശനത്തില്‍ പങ്കെടുക്കാന്‍ എത്തിയതുമില്ല.
 
Top