നിലമ്പൂര്‍: അവശനിലയില്‍ കോളനിയില്‍ കിടക്കുകയായിരുന്ന ആദിവാസികളെ ആരോഗ്യവകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും ചേര്‍ന്ന് ആസ്​പത്രിയിലാക്കി. പോത്തുകല്ല് ഗ്രാമപ്പഞ്ചായത്ത് മുണ്ടേരി വനമേഖലയിലെ ഉള്‍വനത്തിലുള്ള കുമ്പളപ്പാറ ആദിവാസി കോളനിയിലെ ചെറിയ വെള്ളന്‍ (70), ദിലീപ് (22), മായ (23) എന്നിവരെയാണ് ഡോ. ഷിജിന്‍ പാലാടന്റെ നേതൃത്വത്തിലുള്ള ട്രൈബല്‍ മൊബൈല്‍ യൂണിറ്റ്, ഞെട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ആസ്​പത്രിയിലാക്കിയത്.

നിലമ്പൂര്‍ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്‍കി മഞ്ചേരി ജനറല്‍ ആസ്​പത്രിയിലേക്ക് റഫര്‍ചെയ്തു. കടുത്ത വയറിളക്കത്തെത്തുടര്‍ന്നാണ് ആദിവാസികള്‍ അവശനിലയിലായതെന്ന് ഡോക്ടര്‍ ഷിജിന്‍ പാലാടന്‍ പറഞ്ഞു.

മുണ്ടേരി വനത്തിലൂടെ പത്തിലധികം കിലോമീറ്റര്‍ ആനക്കാട്ടിലൂടെ സഞ്ചരിച്ചുവേണം കോളനിയിലെത്താന്‍. പരിശോധനകഴിഞ്ഞ് ജീവനക്കാരെ മുണ്ടേരിയിലെത്തിച്ചതിനുശേഷം ജീപ്പ് വനത്തില്‍ പോയാണ് ആദിവാസികളെ വനത്തില്‍നിന്ന് പുറത്തെത്തിച്ചത്.

കടുത്ത വയറിളക്കത്തെത്തുടര്‍ന്ന് നിര്‍ജലീകരണം ബാധിച്ച വൃദ്ധനായ ചെറിയ വെള്ളന്‍ കൂടുതല്‍ അവശനാണ്. സംഘം ചെല്ലുമ്പോള്‍ എഴുന്നേല്‍ക്കാനാകാതെ തറയില്‍ ചുരുണ്ട് കിടക്കുകയായിരുന്നു ഇയാള്‍. ഡോക്ടര്‍ക്ക് പുറമെ ഫാര്‍മസിസ്റ്റ് ഷെല്ലിപോള്‍, നഴ്‌സിങ് അസി. കെ.ദാമോദരന്‍, ഗംഗാധരന്‍, ഷംസുദ്ദീന്‍ ടി.പി, ജനപ്രതിനിധികളായ വത്സല അരവിന്ദ്, കെ.കെ.രത്‌നമ്മ എന്നിവരും പോത്തുകല്ല് പി.എച്ച്.സി ജീവനക്കാരും വനത്തില്‍ പോയിരുന്നു.
 
Top