
അരീക്കോട്: അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന കുന്നത്ത് പരമേശ്വരനെ ആസ്പത്രിയിലെത്തിച്ച് അറസ്റ്റ് ചെയ്തു. പോലീസും സമരാനുകൂലികളും ഒരു മണിക്കൂറോളം ആസ്പത്രി വളപ്പില്‍ നടത്തിയ തര്‍ക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്.
ശനിയാഴ്ച വൈകുന്നേരമാണ് പോലീസ് ആംബുലന്‍സുമായി മൈലാടിയിലെത്തിയത്. നേരത്തെ സമരപ്പന്തലിലെത്തി ഊര്‍ങ്ങാട്ടിരി പി.എച്ച്.സിയിലെ ഡോ. കെ. ഖാലിദ് പരമേശ്വരനെ പരിശോധിച്ചിരുന്നു. പരമേശ്വരന്റെ ആരോഗ്യനില വഷളാണെന്നും പരമേശ്വരന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്നും കാണിച്ച് ഒട്ടേറെ പേര്‍ വിളിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പരമേശ്വരനെ ആസ്പത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു.
ആരോഗ്യനില തൃപ്തികരമല്ലെന്നും ഉടനെ 24 മണിക്കൂര്‍ പരിചരണമുള്ള ആസ്പത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ അറിയിച്ചു. അറസ്റ്റിലാണെങ്കില്‍ പോലീസിന്റെ അനുമതിയോടെ ചികിത്സിക്കാമെന്നും അല്ലാത്ത പക്ഷം പരമേശ്വരന്റെ സമ്മതം അനിവാര്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പരമേശ്വരനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചികിത്സക്കുവേണ്ടി മാനുഷിക പരിഗണന നല്‍കിയാണ് ആസ്പത്രിയിലെത്തിച്ചതെന്നും പോലീസ് അറിയിച്ചു. താന്‍ ചികിത്സ സ്വീകരിക്കണമെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് പരമേശ്വരന്‍ ഡോക്ടര്‍ക്ക് എഴുതി നല്‍കി.
ഇതോടെ പരമേശ്വരനോടൊപ്പമുള്ളവര്‍ അറസ്റ്റിന് ശഠിച്ചു. തുടര്‍ന്ന് എസ്.ഐ. ടി. മനോഹരന്‍ മേലുദ്യോഗസ്ഥരെ സംഭവ വികാസങ്ങള്‍ അറിയിച്ച് അറസ്റ്റിന് തീരുമാനിക്കുകയായിരുന്നു.