തിരൂര്‍: സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായി സാങ്കേതിക സര്‍വകലാശാല തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (ഐ.എസ്.ടി.ഇ) 23-ാമത് സംസ്ഥാന കണ്‍വെന്‍ഷന്‍ തിരൂരില്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റം ആവശ്യമാണ്. കാര്യക്ഷമമായ പ്രവര്‍ത്തനമുണ്ടാകാന്‍ സര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കും- മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഐ.എസ്.ടി.ഇ കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോക്ടര്‍ പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി. മമ്മൂട്ടി എം.എല്‍.എ സോവനീര്‍ പ്രകാശനം ചെയ്തു.

ഐ.എസ്.ടി.ഇ ദേശീയ അധ്യക്ഷന്‍ ഡോക്ടര്‍ ആര്‍. മുരുകേശന്‍ മുഖ്യാതിഥിയായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയന്റ് ഡയറക്ടര്‍സാമുവല്‍ മാത്യു അവാര്‍ഡ് വിതരണം ചെയ്തു. ഐ.എസ്.ടി.ഇ കേരള ചാപ്റ്റര്‍ സെക്രട്ടറി പി.ആര്‍. ശലീജ്, എസ്.എസ്.എം പോളിടെക്‌നിക് മുന്‍ പ്രിന്‍സിപ്പല്‍മാരായ സി.ടി. മുഹമ്മദ്, പി.എസ്. സലാഹുദ്ദീന്‍, കെ. കുട്ടിഅഹമ്മദ്കുട്ടി എന്നിവര്‍ ആശംസനേര്‍ന്നു.

തുടര്‍ന്നുനടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, പി.ഒ.ജെ. ലബ്ബ, അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരി, അബ്ദുള്‍ലത്തീഫ് നഹ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. ചന്ദ്രകാന്ത (കരിക്കുലം ഡെവലപ്‌സെന്റര്‍), പ്രൊഫ. എം.പി. നിധി, പ്രൊഫ. ഐജു തോമസ്, പ്രൊഫ. അഹമ്മദ് സലീല്‍, പ്രൊഫ. നിസാര്‍ അഹമ്മദ് എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു.
 
Top