
മലപ്പുറം: പ്രതിരോധ വകുപ്പ് സ്ഥാപനങ്ങള്‍ വരുന്നതിന് അനുകൂലമല്ല കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്ന കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവനയെപ്പറ്റി അദ്ദേഹം തന്നെ വ്യക്തമാക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആന്റണിയുടെ നിലപാട് സംബന്ധിച്ച പത്രലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണിയുടെ പ്രസ്താവനയെപ്പറ്റി യു.ഡി.എഫിലും പുറത്തും ചര്‍ച്ചനടക്കുന്ന സാഹചര്യത്തില്‍ ആന്റണി പറഞ്ഞ കാര്യത്തില്‍ ആന്റണിതന്നെ വ്യക്തത വരുത്തണം. വിശദീകരണം അദ്ദേഹം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുമുമ്പ് ആ അഭിപ്രായം ശരിയോ തെറ്റോ എന്ന് ചര്‍ച്ചചെയ്യുന്നത് ശരിയല്ല. കേരളം ആന്റണിയുടെ വിശദീകരണത്തിന് കാത്തിരിക്കുന്നുണ്ട്. അതിനുശേഷം അഭിപ്രായം പറയാം. ആന്റണി നാക്കുപിഴ വരുത്തുന്നയാളല്ല. വൈകാരികമായി പ്രതികരിക്കുന്ന ആളുമല്ല. നേതാക്കളെല്ലാം മലപ്പുറത്തുള്ളതിനാല്‍ ഞായറാഴ്ച കൂടിയിരുന്ന് ചര്‍ച്ചചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.