
മലപ്പുറം: പാസ്‌പോര്‍ട്ടിലെ ചെറിയ പിശകിനെത്തുടര്‍ന്ന് നിയമനടപടി നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥസംഘം ജില്ലയില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
പാസ്‌പോര്‍ട്ടിലെ തിരുത്തലുമായി ബന്ധപ്പെട്ടകേസില്‍ പിടിക്കപ്പെട്ട് പീഡനത്തിന് ഇരകളായവരുമായി നടത്തിയ മുഖാമുഖത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിനിടയില്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഗുപ്തയുമായി ഫോണില്‍ സംസാരിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
24 ,25 തീയതികളില്‍ ഡല്‍ഹിയില്‍നിന്നുള്ള സംഘം ജില്ലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ ചെറിയ പിഴവുള്ള പിടിക്കപ്പെടാത്തവര്‍ക്കുവേണ്ടി പിഴ ഈടാക്കിക്കൊണ്ട് പുതിയ പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടി കൈക്കൊള്ളാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റുകള്‍ തിരുത്തുന്നതിന് ഡല്‍ഹിയില്‍ അദാലത്ത് വെക്കുന്ന കാര്യവും പരിഗണിക്കും. പാസ്‌പോര്‍ട്ടില്‍ ചെറിയ പിശകുകള്‍ പറ്റിയവര്‍ക്കായി പൊതുമാപ്പ് നല്‍കാനാവുമോയെന്ന അഭിപ്രായവും മുന്നോട്ടുവെക്കുമെന്നും ഇ. അഹമ്മദ് പറഞ്ഞു. ചില പോലീസ് ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന കാര്യം യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും തിരൂരില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുഖാമുഖം സംഘടിപ്പിച്ചത്. ഇരകളായവര്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന് നിവേദനങ്ങള്‍ നല്‍കി. മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, ടി.വി. ഇബ്രാഹിം, അഡ്വ. യു.എ. ലത്തീഫ്, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി,ഉസ്മാന്‍ താമരത്ത്, ബീരാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.