
പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ ഷട്ടറിനടിയിലെ ചോര്‍ച്ചയ്ക്ക് കാരണം പുഴയ്ക്ക് അടിത്തട്ടിലൂടെയുള്ള ശക്തമായ ഒഴുക്കാണെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഇറിഗേഷന്‍ ഡിസൈനിങ് ചീഫ് എന്‍ജിനിയര്‍ മഹാനുദേവന്‍ തൃശ്ശൂര്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ ജോര്‍ജ് ജോസഫ്, മെക്കാനിക്കല്‍ ചീഫ് എന്‍ജിനിയര്‍ കെ.എം. ഇസ്മായില്‍, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എ.വി. ചന്ദ്രന്‍, കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച ചോര്‍ച്ചയുണ്ടായ ഷട്ടര്‍ പരിശോധിക്കാനെത്തിയത്.
റഗുലേറ്ററിന്റെ 29-ാമത്തെ ഷട്ടറിനടിയിലാണ് ഒഴുക്ക്മൂലം കോണ്‍ക്രീറ്റ് തകര്‍ന്ന് കല്ലുകള്‍ ഒഴുകിപ്പോയത്. അമിതമായ ചോര്‍ച്ചയുണ്ടായതിനാല്‍ പാലത്തിനടിയില്‍ ഏപ്രണുകള്‍ക്ക് മുന്‍പില്‍ നികത്തിയ കരിങ്കല്ലുകള്‍ പുഴയിലേക്ക് ഒലിച്ചുപോയിട്ടുണ്ട്. ബ്ലോക്ക് ഏപ്രണുകള്‍ ഇളകി കിടക്കുകയാണ്.
ഇളകി ക്കിടക്കുന്ന ഏപ്രണുകള്‍ക്ക് മുകളില്‍ കരിങ്കല്‍ നികത്താനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ജെ.സി.ബി. ഉപയോഗിച്ച് പുഴയിലേക്ക് ഒലിച്ചുപോയകല്ലുകള്‍ പാകി നികത്തിവരികയാണ്.
ഷട്ടറുകള്‍ അടക്കുന്നതോടെ പുഴയില്‍ ജല നിരപ്പ് ഉയര്‍ന്ന് നരിപ്പറമ്പ് പമ്പ് ഹൗസിന് സമീപം വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. ഇത് പരിഹരിക്കാന്‍ പുഴയോര ഭിത്തിയോട് ചേര്‍ന്ന ഭാഗത്ത് മണ്ണിട്ടു ഉയര്‍ത്തി സര്‍വീസ് റോഡ് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.