അരീക്കോട്: അനധികൃത കരിങ്കല്‍ ഖനനത്തിനെതിരെ നിരാഹാരസമരം നടത്തുന്ന കുന്നത്ത് പരമേശ്വരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൈലാടി കോളനിയിലെ സമരപ്പന്തലില്‍നിന്ന് പോലീസ് അദ്ദേഹത്തെ അനുനയിപ്പിച്ച് അരീക്കോട് ആസ്​പത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ ചികിത്സ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. നിര്‍ബന്ധത്തിനുവഴങ്ങി ആത്മഹത്യാശ്രമത്തിന് കേസ്സെടുത്ത പോലീസ് മക്കളായ വിദ്യാസാഗര്‍, മോഹന്‍ശങ്കര്‍ എന്നിവരുടെ ജാമ്യത്തില്‍ വിട്ടു. അറസ്റ്റിലായ സ്ഥിതിക്ക് പോലീസ് ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങളൊരുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സമരാനുകൂലികള്‍. 

എന്നാല്‍ പരമേശ്വരനെ ജാമ്യത്തില്‍ വിട്ടതോടെ പോലീസ് രംഗത്തുനിന്ന് പിന്മാറി. ശനിയാഴ്ച രാത്രി പരമേശ്വരനെ പരിശോധിച്ച അരീക്കോട് ഗവ. ആസ്​പത്രിയിലെ ഡോ. യു. ബാബു അദ്ദേഹത്തെ മഞ്ചേരി ജില്ലാ ആസ്​പത്രിയിലേക്ക് റഫര്‍ചെയ്തു. ബന്ധുക്കള്‍ പരമേശ്വരനെ മഞ്ചേരി ആസ്​പത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് റഫര്‍ചെയ്തു. ഇവിടെ ഏഴാംവാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

പോലീസ് ജാമ്യത്തില്‍ വിട്ടെങ്കിലും മെഡിക്കല്‍ കോളേജിലും അദ്ദേഹം നിരാഹാരം തുടരുകയാണ്.
 
Top