അരീക്കോട്: കണ്ണഞ്ചിക്കുന്ന വെടിക്കെട്ട്...ഗാലറികളെ ഉന്‍മാദത്തിലാഴ്ത്തിയ ശിങ്കാരിമേളം...സ്‌കൂള്‍ കൂട്ടികളുടെ മനോഹരമായ മാസ്ഡ്രില്‍...കാല്‍പ്പന്തുകളിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന അരീക്കോട്ടുകാര്‍ സംസ്ഥാന സീനിയര്‍ ഫുട്‌ബോളിനെ വരവേറ്റത് മിനി ലോകകപ്പ് പോലെയായിരുന്നു. ആറരയ്ക്ക് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകള്‍ ഒന്നര മണിക്കൂറാണ് നീണ്ടുനിന്നത്. നിറഞ്ഞുതുളുമ്പിയ ഗാലറിയിലെ ജനക്കൂട്ടം എല്ലാ കലാവിരുന്നുകളെയും നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചപ്പോള്‍ സംഘാടകര്‍ക്കും സന്തോഷം.

സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടമാണ് ഫുട്‌ബോള്‍ വിരുന്നിനായി അരീക്കോട്ടെ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് വൈകുന്നേരം മുതല്‍ ഒഴുകിയെത്തിയത്. അരീക്കോട്ടെ ജനങ്ങള്‍ മുഴുവന്‍ സ്റ്റേഡിയത്തിലേക്കെത്തുമെന്ന് പ്രതീക്ഷിച്ച് റോഡരികില്‍ നിരന്ന കച്ചവടക്കാര്‍ക്കും തെറ്റിയില്ല.

പി.കെ. ബഷീര്‍ എം.എല്‍.എ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സഫറുള്ള അധ്യക്ഷതവഹിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെസക്രട്ടറി കാഞ്ഞിരാല അബ്ദുല്‍ കരീം, അഡ്വ. കെ.വി. സലാഹുദ്ദീന്‍, എ.ഡബ്ല്യു. അബ്ദുറഹ്മാന്‍, കെ.എഫ്.എ ട്രഷറര്‍ കെ. അഷ്‌റഫ്, ഡി.എഫ്.എ ട്രഷറര്‍ കെ. സുരേഷ്, കെ.വി. സൈനുല്‍ ആബിദീന്‍, കെ.ടി. നൗഷാദലി, കെ. മുഹമ്മദ്‌സലീം എന്നിവര്‍ പ്രസംഗിച്ചു. സി.കെ. അബ്ദുറഹ്മാന്‍, സൈനുല്‍ ആബിദീന്‍, കെ. സുരേഷ് എന്നിവര്‍ ചേര്‍ന്ന് പതാകകള്‍ ഉയര്‍ത്തി.
 
Top