മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്തെത്തിയിരിക്കുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ബസ് ഇറങ്ങേണ്ട മലപ്പുറം കുന്നുമ്മലിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ സ്ഥിതി ദയനീയമാണ്. ഒരു മൂത്രപ്പുര പൂര്‍ണമായും തകര്‍ന്നുവീണു. മറ്റൊന്നുള്ളത് കയറാന്‍പോലും പറ്റാത്ത സ്ഥിതിയില്‍. ബസ്സ്റ്റാന്‍ഡ് ആകെ തകര്‍ന്നുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ കലാകേരളത്തെ എങ്ങനെ നല്ലരീതിയില്‍ വരവേല്‍ക്കുമെന്ന ആശങ്ക അധികൃതരും പങ്കുവെക്കുന്നു. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ കലോത്സവത്തിന് വിവിധ ജില്ലകളില്‍നിന്നായി മലപ്പുറത്ത് വന്നിറങ്ങുന്നവര്‍ ആദ്യം കാണേണ്ടിവരിക ഈ ശോച്യാവസ്ഥയായിരിക്കും.

കലോത്സവത്തിന്റെ പ്രധാനവേദികളോട് എറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഒരേയൊരു ബസ്സ്റ്റാന്‍ഡ് എന്നനിലയില്‍ കൂടുതല്‍പേരും ബസ് ഇറങ്ങുക ഈ ബസ്റ്റാന്‍ഡില്‍ തന്നെയാവും. ദീര്‍ഘയാത്രകഴിഞ്ഞ് എത്തുന്നവര്‍ക്ക് പ്രാഥമിക കാര്യം നിര്‍വ്വഹിക്കാന്‍ ഒരു സൗകര്യവുമില്ല എന്നത് ഏറെ പ്രയാസം സൃഷ്ടിക്കും. അതുകൊണ്ട് കലോത്സവത്തിന് മുന്നോടിയായി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് മലപ്പുറത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ആക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ആറ് നിലകളിലായി 180 മുറികളുള്ള കെട്ടിടമാകും നിര്‍മ്മിക്കുക. കോട്ടപ്പടിയില്‍ നിന്നുളള റോഡിനഭിമുഖമായി ആറുനിലകളും ഡിപ്പോയ്ക്ക് അഭിമുഖമായി മൂന്നു നിലകളുമുണ്ടാകും. 15 കോടിയാണ് നിര്‍മ്മാണച്ചെലവ്. രണ്ട് ഘട്ടങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിന്റെ രൂപരേഖയ്ക്ക് അംഗീകാരമായിട്ടുണ്ട്. എന്നാല്‍ പുതിയ കെട്ടിടങ്ങളും ബസ് ടെര്‍മിനലും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നേക്കുമെന്നാണ് സ്ഥിതി. എന്നാല്‍ അതിനിടയില്‍ ഏറ്റവും വലിയ കലാമാമാങ്കത്തിന് മലപ്പുറം വേദിയാവുകയാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള ബസ്റ്റാന്റില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ നടപടി വേണം. അതിന് പുതിയ പദ്ധതി വരുന്നു എന്നത് തടസ്സമാകരുതെന്ന അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. 
 
Top