
എസ്.എം.ഒയുടെ ഓഫീസ് തുറക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും നഗരസഭ പുലര്‍ത്തുന്ന നിസ്സഹകരണമാണ് ഉദ്ഘാടനം നടത്താന്‍ കെ.എസ്.ആര്‍.ടി.സിയെ പിന്തിരിപ്പിക്കുന്നത്. ഓഫീസിന്റെ താക്കോല്‍ നഗരസഭയില്‍നിന്നും വാങ്ങിച്ച ശേഷം യുദ്ധകാലാടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി. സി ഉദ്ഘാടനത്തിന് ശ്രമം നടത്തിയത്. രണ്ടുദിവസം കൊണ്ടുതന്നെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ജീവനക്കാരെ നിയമിക്കുന്നതടക്കം നടപടികള്‍ പൂര്‍ത്തിയാക്കി. ഓഫീസിന്റെ ഭൗതിക സൗകര്യം ഒരുക്കുന്നതിന് സംഘടനകള്‍ മുമ്പോട്ടുവന്നു. മേശ, കസേരകള്‍, മറ്റ് സൗകര്യങ്ങള്‍ എല്ലാം ഒറ്റ ദിവസത്തില്‍ തന്നെയാണ് ശരിയാക്കിയത്. എന്നാല്‍ സ്റ്റാന്‍ഡിനൊപ്പം കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും തുറക്കുന്നതിനെതിരെ നഗരസഭ ലീഗ് പ്രതിനിധികളായ കൗണ്‍സിലമാര്‍ രംഗത്തുവന്നതാണ് ഉദ്ഘാടനം മാറ്റിവെക്കാനിടയാക്കിയതെന്നാണ് സൂചന.
ഡിസംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യാമെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മഞ്ചേരിയില്‍ കച്ചേരിപ്പടി വികസന സമിതി നിവേദനം നല്കിയപ്പോള്‍ സൂചിപ്പിച്ചത്. മൂന്നരവര്‍ഷത്തിനുശേഷം നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് നഗരസഭ സര്‍ക്കാര്‍ ബസ്സിന്റെ എസ്.എം.ഒ ഓഫീസിന് സ്ഥലം നല്കാന്‍ കനിഞ്ഞത്. നിരവധിതവണ തീരുമാനം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഓഫീസ് തുറക്കുന്നത് വൈകിച്ചതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്. യാത്രാദുരിതം നേരിടുന്നതില്‍ ജില്ലയില്‍ ഏറ്റവും മുമ്പിലുള്ള നഗരസഭയാണ് മഞ്ചേരി. കെ.എസ്.ആര്‍.ടി. സിക്ക് ഒരു സബ് ഡിപ്പോ വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഇവിടെയുണ്ട്. മെഡിക്കല്‍കോളേജും ഫുട്ബാള്‍ സ്റ്റേഡിയവും വരുമ്പോള്‍ യാത്രാക്ലേശം രൂക്ഷമാവും. ഉള്‍നാടുകളിലേക്ക് ഇവിടെ പ്രധാന മാര്‍ഗം ഓട്ടോറിക്ഷകളാണ്.
കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോയ്ക്ക് സ്ഥലം നല്കുന്ന കാര്യം പരിഗണനയിലേ ഇല്ലെന്നാണ് കഴിഞ്ഞദിവസം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സ്വകാര്യബസ്സുകള്‍ ആവശ്യത്തിന് ഉളള സ്ഥലത്ത് പിന്നെ എന്തിനാണ് കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യമെന്നാണ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കണ്ണിയന്‍ അബൂബക്കര്‍ ചോദിക്കുന്നത്.