വേങ്ങര: തിരൂരങ്ങാടി, കൊണ്ടോട്ടി, വേങ്ങര റോഡുകള്‍ സംഗമിക്കുന്ന കുന്നുംപുറം ടൗണ്‍ ഇപ്പോഴും അസൗകര്യങ്ങളുടെ നടുവില്‍. വീതികുറഞ്ഞ റോഡുകളില്‍ വാഹനപ്പെരുപ്പം കാരണം ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്. കുന്നുംപുറം- വേങ്ങര റോഡില്‍ പച്ചക്കറി മൊത്തക്കച്ചവട കേന്ദ്രങ്ങളിലേക്കും കോഴി, പലചരക്ക് കടകളിലേക്കും ലോഡിറക്കുന്നത് റോഡരികില്‍ വാഹനം നിര്‍ത്തിയാണ്. അതോടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ കഴിയില്ല. ഇത് പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും കയ്യാങ്കളിക്കും കാരണമാവുന്നു. വേങ്ങര ഭാഗത്തേക്കുള്ള മിനിബസ്സുകള്‍ നിര്‍ത്തിയിടുന്നതും ആളെ കയറ്റുന്നതുമൊക്കെ വഴിയോരത്തുതന്നെ. യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രമോ, നില്‍ക്കാന്‍ സൗകര്യങ്ങളോ ഇല്ല.
കൊണ്ടോട്ടി ഭാഗത്തേക്ക് എ.ആര്‍. നഗര്‍ പഞ്ചായത്ത് സ്ഥാപിച്ച ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. 10 പേര്‍ക്ക് കഷ്ടിച്ച് നില്‍ക്കാം. 1957 ലാണ് കുന്നുംപുറം- കൊണ്ടോട്ടി റോഡിന്റെ പണി ആരംഭിക്കുന്നത്. പക്ഷേ, അഞ്ച് പതിറ്റാണ്ടായിട്ടും പറയത്തക്ക വികസനം ഉണ്ടായില്ല.
തിരൂരങ്ങാടി ഭാഗത്തേക്കുള്ള റോഡിലും യാത്രക്കാര്‍ക്കുമുള്ള കാത്തിരിപ്പ് കേന്ദ്രമോ മറ്റ് സൗകര്യങ്ങളോ ഇല്ല. വലിയ ലോറികളും മറ്റും റോഡരികില്‍ നിര്‍ത്തിയിട്ട് സാധനങ്ങള്‍ കയറ്റുമ്പോള്‍ ഗതാഗതക്കുരുക്ക് ഉറപ്പാണ്.