തിരുനാവായ: സര്‍വീസ് സഹകരണ ബാങ്കിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുനാവായ കിഴക്കേത്തൊടി ബാലന്റെ മകള്‍ നിശ(28)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഭര്‍ത്താവ് ആന്ധ്ര സ്വദേശി പ്രേമനും മക്കള്‍ക്കും ഒന്നിച്ചാണിവര്‍ താമസിച്ചിരുന്നത്. താന്‍ കുളിച്ചുവന്ന സമയത്ത് നിശ കുഴഞ്ഞുവീണ് കിടക്കുന്നതാണ് കണ്ടതെന്ന് ഭര്‍ത്താവ് പ്രേമന്‍ പറയുന്നു. തുടര്‍ന്ന് അയല്‍വാസികളുമായി ചേര്‍ന്ന് നിശയെ കൊടക്കല്‍ ആസ്​പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പ്രേമനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
എട്ടുവര്‍ഷം മുമ്പാണ് ആന്ധ്ര സ്വദേശിയായ പ്രേമനും നിശയും പ്രണയിച്ച് വിവാഹംകഴിച്ചത്. സ്റ്റീല്‍ അലമാരകള്‍ക്ക് പെയിന്റ്‌ചെയ്യുന്ന ജോലിക്കാരനാണ് പ്രേമന്‍. എടക്കുളം കൈരളി ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികളായ ബിജു, ജിതു, ഒന്നര വയസ്സുകാരി അമ്മു എന്നിവരാണ് മക്കള്‍. അമ്മ: സുലോചന. സഹോദരങ്ങള്‍: അശോകന്‍, പ്രസാദ്.
 
Top