0

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയായി പ്രഖ്യാപിച്ച തിരൂരങ്ങാടിയിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധസംഘം ചൊവ്വാഴ്ച എത്തും. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദഗ്ധസംഘം തിരൂരങ്ങാടി സന്ദര്‍ശിക്കുന്നത്.
ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ സുകുമാരന്‍, സൂപ്രണ്ട് ഗിരി എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്. ചൊവ്വാഴ്ച ഉച്ചയോടെ തിരൂരിലെത്തുന്ന സംഘത്തോടൊപ്പം മലപ്പുറം ഡി.ഡി.ഇ കെ.സി.ഗോപിയും മറ്റ് ഉദ്യോഗസ്ഥരും തിരൂരങ്ങാടി സന്ദര്‍ശിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും വേദി സംബന്ധിച്ച അന്തിമ തീരുമാനം. തിരൂരങ്ങാടിയില്‍ നിന്ന് വേദി മാറ്റിയാല്‍ തിരൂരിനോ കോട്ടയ്ക്കലിനോ മലപ്പുറത്തിനോ നറുക്ക് വീഴാനാണ് സാധ്യത.
സംസ്ഥാന കലോത്സവം നടത്താനുള്ള സൗകര്യങ്ങള്‍ തീരെയില്ലാത്ത തിരൂരങ്ങാടിയില്‍ നിന്ന് വേദി മാറ്റണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് വിദഗ്ധസംഘം സന്ദര്‍ശിക്കുന്നത്. പല അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും വേദി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വേദി മാറ്റണമെന്ന ആവശ്യവുമായി ചില രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. സംഘാടകരായ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി വേദിയാക്കുന്നതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്.

Post a Comment

 
Top