കുറ്റിപ്പുറം: വഴിയില്‍നിന്ന് വീണുകിട്ടിയ ഗോതമ്പ് വീതിച്ചെടുത്തതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത.
സംഭവത്തിലുള്‍പ്പെട്ട എസ്.ഐ ഉള്‍പ്പെടെ മൂന്നുപേരെ സ്ഥലം മാറ്റാനാണ് നീക്കം. സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നാണറിയുന്നത്. സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.
ഒരുമാസംമുമ്പാണ് വിവാദമായ സംഭവം കുറ്റിപ്പുറം സ്റ്റേഷനില്‍ അരങ്ങേറിയത്. വഴിയില്‍നിന്ന് വീണുകിട്ടിയ ഒരുചാക്ക് ഗോതമ്പ് കുറ്റാരോപിതനായ എസ്.ഐ സ്റ്റേഷനിലെത്തിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉടമ എത്താതായതോടെ ചില പോലീസുകാര്‍ചേര്‍ന്ന് അത് വീതിച്ചെടുത്തു. ഇതേച്ചൊല്ലി എസ്.ഐയും പോലീസുകാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. പോലീസുകാര്‍ ചേര്‍ന്ന് പുതിയൊരു ചാക്ക് ഗോതമ്പ് സ്റ്റേഷനിലെത്തിച്ചാണ് തര്‍ക്കത്തിന് പരിഹാരം കണ്ടെത്തിയത്. പോലീസുകാര്‍ എത്തിച്ച ഗോതമ്പ് എസ്.ഐ ഹൈവേ പോലീസിന്റെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയതോടെയാണ് സംഭവം പുറത്തായത്. വളാഞ്ചേരിയിലെ ഹൈവേ പോലീസിന്റെ ഓഫീസില്‍ ഗോതമ്പ് സൂക്ഷിച്ചിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
സ്റ്റേഷനില്‍ ഗോതമ്പ് എത്തിച്ചിട്ടും അര്‍ഹമായ വിഹിതം കിട്ടാത്തതാണ് എസ്.ഐയെ ചൊടിപ്പിച്ചതെന്നും സംഭവം വിവാദമായതോടെയാണ് ഹൈവേ പോലീസിന്റെ ഓഫീസില്‍ ഗോതമ്പ് സൂക്ഷിച്ച് രേഖയുണ്ടാക്കിയതെന്നും പോലീസുകാര്‍ക്കിടയില്‍ത്തന്നെ സംസാരമുണ്ടായിരുന്നു.
ഇതേത്തുടര്‍ന്നാണ്, സംഭവം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് നാണക്കേടുണ്ടാക്കിയെന്ന് കാണിച്ച് സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
Post a Comment