0

കരിപ്പൂര്‍: കോഴിക്കോട്ടുനിന്നും ഷാര്‍ജയിലേക്കുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഷാര്‍ജയില്‍ കേടായത് യാത്രക്കാരെവലച്ചു. കുപിതരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളംവെച്ചു. കോഴിക്കോട്ടുനിന്നും മസ്‌ക്കറ്റിലേക്കുള്ള സര്‍വീസുകളും മുടങ്ങി. തിങ്കളാഴ്ച ദുര്‍ഗന്ധത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയ വിമാനമാണ് ചൊവ്വാഴ്ചയും യാത്രക്കാരെ വലച്ചത്.
തിങ്കളാഴ്ച രാവിലെ 10ന് പുറപ്പെടേണ്ട വിമാനമാണ് ദുര്‍ഗന്ധത്തെത്തുടര്‍ന്ന് വൈകിയത്. വിമാനത്തില്‍ കയറ്റിയ മത്സ്യത്തിന്റെ പാക്കിംഗ് പൊട്ടിയതും ടോയ്‌ലറ്റില്‍ പൈപ്പ് ലീക്കായതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രശ്‌നം പരിഹരിച്ച് വിമാനം ഷാര്‍ജയിലേക്ക് തിരിച്ചെങ്കിലും ഷാര്‍ജയില്‍ വീണ്ടും കേടാവുകയായിരുന്നു. ഈ വിമാനം രാത്രി 8ന് കോഴിക്കോട്ടെത്തി ഷാര്‍ജയിലേക്ക് പോകേണ്ടതായിരുന്നു. യാത്രക്കാരെ രാത്രി 2 മണിവരെ വിമാനത്താവളത്തില്‍ ഇരുത്തി. ഇതില്‍ കുപിതരായാണ് യാത്രക്കാര്‍ ബഹളംവെച്ചത്. ഇവരെ ഹോട്ടലുകളിലക്ക് മാറ്റി. 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഷാര്‍ജയില്‍ കുടുങ്ങിയ യാത്രക്കാരെ ഞായറാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ചു. അതേസമയം കോഴിക്കോട്ടുനിന്നും ഷാര്‍ജയിലേക്ക് പോകേണ്ട യാത്രക്കാരെ കൊണ്ടുപോകുന്ന കാര്യത്തില്‍ രാത്രി വൈകിയും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഷാര്‍ജയില്‍ വിമാനം നന്നാക്കാനുള്ള ശ്രമം വിജയിക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്.

Post a Comment

 
Top