പെരിന്തല്‍മണ്ണ: യു.ഡി.എഫില്‍ ഒരു പാര്‍ട്ടിയുടെയും വലുപ്പത്തരം സമ്മതിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ മലപ്പുറം ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിലെ എല്ലാ കക്ഷികളും അംഗീകരിച്ച പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണ് ഭരണം മുന്നോട്ട് പോകുന്നത്. യു.പി.എയില്‍ ഘടകകക്ഷികളുണ്ടെങ്കിലും കോണ്‍ഗ്രസ്സ് പരിപാടിയാണ് നടപ്പിലാക്കുന്നത്. എന്നാല്‍ കേരളത്തില്‍ പൊതു തീരുമാനപ്രകാരമാണ് ഭരണം. ഏതെങ്കിലും പരിപാടി ഞങ്ങളുടേതാണെന്ന് ആരെങ്കിലും ഭാവിക്കുകയോ പറയുകയോ ചെയ്താല്‍ അത് അവരുടേതല്ലെന്ന് മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. ലീഗിന്റെയും സി.എം.പിയുടേയും പല നിലപാടിനോടും കോണ്‍ഗ്രസ് യോജിക്കുന്നില്ല; തിരിച്ചും അതുപോലെത്തന്നെയാണ്. മുന്നണിയാകുമ്പോള്‍ വിവിധ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകും അതിന് വലുപ്പ ച്ചെറുപ്പമില്ല-മന്ത്രി പറഞ്ഞു.
കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പി.യും കൈകോര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ്സിനെ തകര്‍ക്കുകയാണ് ലക്ഷ്യം.ഇവിടെ കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് വന്നാല്‍ നഷ്ടം ബി.ജെ.പിക്കാണ്. മറിച്ച് സി.പി.എമ്മിനാണെങ്കില്‍ നേട്ടവും ബി.ജെ.പിക്കാണ്. ഇതിനായി സി.പി.എം. വര്‍ഗീയത ഇളക്കി വിടുകയാണ്. ഇത് തടയേണ്ടത് ഭരിക്കുന്ന എല്ലാ കക്ഷികളുടെയും ഉത്തരവാദിത്വമാണ്.
എന്‍.ഡി.എഫും, ജമാ അത്തെ ഇസ്ലാമിയും സിമിയും പോലുള്ള സംഘടനകള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. മലപ്പുറം പോലുള്ള ജില്ലകളില്‍ ഇതിനെതിരെ പ്രത്യേക ശ്രദ്ധ വേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവുമ്പോള്‍ മരിക്കുന്നതും ദുരിതത്തിനിരയാവുന്നതും തൊഴിലാളികളാണ്.ഒരു സമ്പന്നനോ കോടീശ്വരനോ ഉണ്ടാവാറില്ല. പല കേസുകളിലും ജയിലില്‍ കിടക്കുന്നവര്‍ പാവപ്പെട്ടവരാണ്. ഇവര്‍ അവിടേയ്‌ക്കെത്തിയതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post a Comment