0




പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിവരാവകാശ രേഖകളുമായി ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജി ചെമ്മാണിയോട് സ്‌കൂളില്‍ നിന്ന് ശമ്പളവും ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഓണറേറിയവും വാങ്ങിയതിന്റെ വിവരാവകാശ രേഖകളാണ് മാര്‍ച്ചില്‍ ഡി.വൈ.എഫ്.ഐ. ഉയര്‍ത്തിക്കാട്ടിയത്.

ചൊവ്വാഴ്ച രാവിലെ 11ഓടെ ബ്ലോക്ക് ഭരണസമിതി യോഗം തുടങ്ങി പ്രസിഡന്റ് സംസാരിക്കാന്‍ എഴുന്നേറ്റ ഉടനെ സി.പി.എമ്മിലെ പി. ഗോവിന്ദപ്രസാദ് വിവരാവകാശ രേഖ മേശപ്പുറത്ത് വെച്ചു. ഇരട്ടശമ്പളം വാങ്ങുന്ന പ്രസിഡന്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ യോഗത്തില്‍ ഗോവിന്ദപ്രസാദ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സി.പി.എം. അംഗങ്ങള്‍ യോഗത്തില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തിരുന്നു. ആരോപണം ശരിയല്ലെന്നും തെളിയിക്കണമെന്നുമായിരുന്നു പ്രസിഡന്റ് ആവശ്യപ്പെട്ടത്.

ഗോവിന്ദപ്രസാദ് നല്‍കിയ രേഖ കണക്കിലെടുക്കാതെ പ്രസിഡന്റ് യോഗം തുടരുന്നതിനിടെ പ്രതിഷേധവുമായി ഗോവിന്ദപ്രസാദും സി.പി.എം. അംഗങ്ങളായ യു. രവീന്ദ്രനാഥ്, ആയിഷ തുടങ്ങിയവരും യോഗത്തില്‍ നിന്ന് പുറത്ത് പോയി. ഇതിനിടെ ഗേറ്റിന് പുറത്ത് ഡി.വൈ.എഫ്.ഐ. മാര്‍ച്ച് തുടങ്ങിയിരുന്നു. വിവരാവകാശരേഖയിലെ വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി. രമേശന്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് രാജിവെക്കും വരെ സമരം തുടരുമെന്നും ബോര്‍ഡ് യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്നും രമേശന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ. പെരിന്തല്‍മണ്ണ ബ്ലോക്ക് പ്രസിഡന്റ് പി. നൗഷാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം വി. ജ്യോതിഷ്, വി. മുഹമ്മദ് ഹനീഫ, രാമദാസ്,എന്‍.ടി. അനില്‍കുമാര്‍, പി. ഗോവിന്ദപ്രസാദ്, യു. അജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

 
Top