0

എടപ്പാള്‍: ഉദിനിക്കര കോളനിയെ സ്വയംപര്യാപ്തകോളനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്ന പ്രഖ്യാപനം വന്നതോടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫ്‌ളക്‌സ് യുദ്ധത്തിനും തുടക്കമായി. പാര്‍ട്ടിക്കാര്‍ പദ്ധതിയെ സ്വന്തം നേട്ടമായി വ്യാഖ്യാനിച്ച് ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സ്ഥാപിച്ചു. 

ജില്ലയിലെ 10 പട്ടികജാതി കോളനികളെ സ്വയം പര്യാപ്ത കോളനികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ അറിയിപ്പ് കഴിഞ്ഞ ആഴ്ചയിലാണ് ഇറങ്ങിയത്. ഇതിന്റ പിറ്റേന്നുതന്നെ മണ്ഡലം എം.എല്‍.എ ഇതുസംബന്ധിച്ച അറിയിപ്പ് പത്രങ്ങള്‍ക്ക് നല്‍കി. താന്‍ സ്ഥലം സന്ദര്‍ശിച്ച് അവലോകന യോഗം നടത്തുമെന്നും പ്രഖ്യാപിച്ചു. തുടര്‍ന്നുനടന്ന യോഗത്തില്‍ എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എം. ഷാഫിയും എം.എല്‍.എയും തമ്മില്‍ കൊമ്പു കോര്‍ത്തു.

യോഗം കഴിഞ്ഞ് രണ്ടാംദിവസം തന്നെ എം.എല്‍.എയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് സി.പി.എം ബോര്‍ഡ് സ്ഥാപിച്ചു. വൈകാതെ തന്നെ കോളനിക്ക് പണമനുവദിച്ച മുഖ്യമന്ത്രിക്കും മന്ത്രി അനില്‍കുമാറിനും അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ്സും സ്ഥാപിച്ചു ബോര്‍ഡ്. പാര്‍ട്ടികളുടെ മത്സരം കണ്ടതോടെ കോളനിവാസികള്‍ ആര്‍ക്കും പരാതിവേണ്ടെന്ന് കരുതി മന്ത്രിക്കും എം.എല്‍.എക്കും അഭിവാദ്യമര്‍പ്പിച്ച് രണ്ടുപേരുടെയും ചിത്രത്തോടെ ഒരു ബോര്‍ഡും വെച്ചു. 

മേഖലയിലെ പല പദ്ധതികളുടെ കാര്യത്തിലും ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനത്തെ പറ്റിക്കുന്ന സ്ഥിതിയാണ്. തട്ടാന്‍പടി പൊല്‍പ്പാക്കര റോഡിന് എം.എല്‍.എ ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ അനുവദിച്ചതായി പറഞ്ഞ് ബോര്‍ഡ് സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു പണിയും നടന്നിട്ടില്ല. പൊറൂക്കരയില്‍ കുടിവെള്ള പദ്ധതിക്ക് ജില്ലാപഞ്ചായത്ത് പണം അനുവദിച്ചെന്നുപറഞ്ഞ് വെച്ച ബോര്‍ഡ് കാണാതായത് സംബന്ധിച്ച് ഇരു വിഭാഗവും തമ്മില്‍ സംഘട്ടനം വരെ നടന്നതാണ്.

Post a Comment

 
Top