0
നിലമ്പൂര്‍: ബ്ലോക്ക്പഞ്ചായത്തിലെ നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ അസ്വാരസ്യം പുകയുന്നു. നിലവിലുള്ള പ്രസിഡന്റ് തന്നെ അടുത്ത മൂന്നുവര്‍ഷം കൂടി തുടരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം അത് പാര്‍ട്ടിക്ക് ക്ഷീണംചെയ്യുമെന്നും മറ്റൊരുവിഭാഗം വാദിക്കുന്നു.

13 അംഗ നിലമ്പൂര്‍ ബ്ലോക്ക്പഞ്ചായത്തില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് എല്‍.ഡി.എഫിനുള്ളത്. നാലംഗങ്ങള്‍ ലീഗിന്‍േറതാണ്. ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സിലെ ഷേര്‍ളി വര്‍ഗീസ് പ്രസിഡന്റും ലീഗിലെ സി.എച്ച്. ഇഖ്ബാല്‍ വൈസ് പ്രസിഡന്റുമായി.

എന്നാല്‍ പ്രസിഡന്റിനെ തീരുമാനിക്കുന്നതിന് മുമ്പ് രണ്ടംഗങ്ങള്‍ക്കനുകൂലമായി അഭിപ്രായ രൂപവത്കരണമുണ്ടായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ ഉപസമിതിയാണ് രണ്ട് ടേമിലായി പ്രസിഡന്റ് സ്ഥാനം രണ്ടുപേര്‍ പങ്കിടട്ടെ എന്ന് തീരുമാനിച്ചത്. ആദ്യത്തെ ടേം ഉപയോഗിക്കുന്നയാള്‍ രണ്ടുവര്‍ഷവും രണ്ടാമത്തെ ടേം ഉപയോഗിക്കുന്നയാള്‍ പിന്നീടുള്ള മൂന്നുവര്‍ഷവും പ്രസിഡന്റാവുമെന്ന് മിനിട്‌സും കരാറും എഴുതി.

ആദ്യത്തെ രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ മുന്‍ നിശ്ചയമനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം എടക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. പുഷ്പവല്ലിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടതാണ്.

ഇതുസംബന്ധിച്ച് പഴയ ഉപസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, അന്തിമതീരുമാനം വരേണ്ടത് പ്രദേശത്തെ എം.എല്‍.എയും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദില്‍ നിന്നാണ്. വ്യാഴാഴ്ച നിലമ്പൂരിലെത്തുന്ന മന്ത്രി ഇക്കാര്യത്തിന്റെ പ്രാഥമിക ചര്‍ച്ച നടത്തുമെന്നാണറിയുന്നത്.

കഴിഞ്ഞ ആഴ്ച മൂത്തേടത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേ ചില നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിരുന്നു. പാര്‍ട്ടി തീരുമാനം നടപ്പാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

അതേസമയം നേതൃമാറ്റം വേണമെന്ന് പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ് പറഞ്ഞു.

Post a Comment

 
Top