
മലപ്പുറം: പുതിയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്ന സംവിധാനങ്ങള്‍ കൊണ്ടുവരുന്നതില്‍ പല സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ അനാസ്ഥ കാട്ടുന്നതായി മന്ത്രി പി.കെ. അബ്ദുറബ്ബ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് ക്രിയാത്മകമായി പ്രശ്‌നത്തില്‍ ഇടപെടാന്‍ അധ്യാപക രക്ഷകര്‍ത്തൃ സംഘടനകള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. പി.ടി.എ പ്രസിഡന്റുമാര്‍ക്കുള്ള പഠന ശില്പശാല മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങളില്‍ അധ്യാപക രക്ഷാകര്‍ത്തൃ സംഘടനകളുടെ ഇടപെടല്‍ നിര്‍ണായകമാണ്. കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളിലും പി.ടി.എ ഇടപെടണം-മന്ത്രി ആവശ്യപ്പെട്ടു.
പി.ടി.എ പ്രസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി, മലപ്പുറം ഡി.ഇ.ഒ പി. സഫറുള്ള, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ, സിന്‍ഡിക്കേറ്റ് അംഗം ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, പി.കെ. ഇബ്രാഹിംകുട്ടി, പി. ശിവദാസന്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, ഹാരിസ് ആമിയന്‍ എന്നിവര്‍ പ്രസംഗിച്ചു.