
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് വിട്ടുനിന്നതിനാണ് കോണ്‍ഗ്രസിന്റെ നാല് കൗണ്‍സിലര്‍മാര്‍ക്ക് ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി നോട്ടീസ്‌നല്‍കിയത്. വി.പി. ഷീബ ഗോപാല്‍, നാരായണന്‍, പച്ചീരി നിഷ സുബൈര്‍, സി.പി. ഷീബ എന്നിവര്‍ക്കാണ് നോട്ടീസ്. മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചുനില്‍ക്കാന്‍ തീരുമാനമായിരുന്നു. ഇതനുസരിച്ച് ഒക്ടോബര്‍ 29 ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററിപാര്‍ട്ടി യോഗംചേരാന്‍ ഡി.സി.സി പ്രസിഡന്റ് നേരിട്ട് നിര്‍ദേശംനല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ കാത്തിരുന്നെങ്കിലും കൗണ്‍സിലര്‍മാരില്‍ എ.വി. നസീറ മാത്രമാണ് യോഗത്തിനെത്തിയത്. മറ്റുനാലുപേരും എത്തിയില്ല. 29 ന് നടന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലും ഇവര്‍ ഹാജരായില്ല. ഇതുമൂലം യു.ഡി.എഫിന് മത്സരിക്കാനുമായില്ല. ലീഗ് കൗണ്‍സിലര്‍മാരും ഒരു കോണ്‍ഗ്രസ് കൗണ്‍സിലറും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് നാല് കൗണ്‍സിലര്‍മാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.