കോട്ടയ്ക്കല്‍: മൃഗങ്ങള്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള കരാറില്‍ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റിയും കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയൂര്‍വേദ കോളേജും, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും ഈമാസം തിരുവന്തപുരത്ത് ഒപ്പു വെക്കും. ഇതിനുള്ള പഠന ഗവേഷണങ്ങള്‍ സംബന്ധിച്ച് മൂന്ന് സ്ഥാപനങ്ങളും ധാരണയിലെത്തിയിരുന്നു. 

ആരോഗ്യ-കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ സൗകര്യം നോക്കി ഈ മാസത്തിനകംതന്നെ കരാറില്‍ ഒപ്പുവെക്കുമെന്ന് കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിന്റെ ഭരണ ചുമതലയുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ആയുര്‍വേദിക്ക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റിയുടെ സി.ഇ.ഒ. ബാലകൃഷ്ണകുറുപ്പ് 'മാതൃഭൂമി'യോട് പറഞ്ഞു.

മൃഗരോഗങ്ങള്‍ക്കുള്ള മരുന്നുത്പാദനരംഗത്ത് അലോപ്പതി, ഹോമിയോ കമ്പനികളാണ് ഇപ്പോള്‍ മുന്‍ നിരയിലുള്ളത്. ആയുര്‍വേദത്തില്‍ നാമമാത്രമായ സ്ഥാപനങ്ങള്‍ മരുന്നുണ്ടാക്കുന്നുണ്ടെങ്കിലും ഇവയുടെ ഗുണനിലവാരങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ കുറവാണ്.

പഴയകാലംതൊട്ടേ മൃഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ചികിത്സകളുണ്ടെങ്കിലും അപ്പപ്പോഴുണ്ടാക്കുന്ന മരുന്നുകളാണ് അധികവും ഉപയോഗിക്കുന്നത്. എന്നാല്‍ ഈ മേഖലയിലെ പരിചയസമ്പന്നരായ വൈദ്യന്മാരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് ശാസ്ത്രീയമായി ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെയും ആയുര്‍വേദകോളേജിന്റെയും വിവിധ ഗവേഷണ വിഭാഗങ്ങള്‍ പരസ്​പരം ഉപയോഗിക്കുകയും വിജ്ഞാനം പങ്കുവെക്കുകയും ചെയ്യും.

ആയൂര്‍വേദ ഔഷധ നിര്‍മാണ രംഗത്ത് നൂറുവര്‍ഷത്തിലേറെ പാരമ്പര്യമുള്ള കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഫാക്ടറിയിലാണ് മരുന്നുകള്‍ ഉണ്ടാക്കുന്നത്. വിപണനവും ആര്യവൈദ്യശാല ഏറ്റെടുക്കും.

വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്ത് ആര്യവൈദ്യശാലയുടെ സഹായത്തോടെ ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പികാന്നുള്ള പരിപാടിയും പദ്ധതിയിലുള്‍പ്പെടുന്നു. അതൊടൊപ്പം യൂണിവേഴ്‌സിറ്റിയുടെ വിവിധഫാമുകള്‍ ആര്യവൈദ്യശാലയ്ക്ക് പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 
 
Top