
പൊന്നാനി: ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്തിനായി പൊന്നാനി തുറമുഖത്തുനിന്ന് മീന്‍പിടിത്ത ബോട്ടുവാങ്ങിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂര്‍ കുനിയമുത്തു സ്വദേശികളായ ഇസാഖ് (27), ഷാജഹാന്‍ (22) എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്നയാളെ കൂടി കിട്ടാനുണ്ട്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി പൊന്നാനി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ശ്രീലങ്കന്‍ സ്വദേശി ദിനേശ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇസാഖിനെയും ഷാജഹാനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ദിനേശ് കുമാറിനെയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയിരുന്നു.
ഇസാഖ് കോയമ്പത്തൂരില്‍ പച്ചക്കറി വ്യാപാരിയും ഷാജഹാന്‍ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലിക്കാരനുമാണ്.
കോയമ്പത്തൂരിലെ കസ്തൂരി ബില്‍ഡിങ് മെറ്റീരിയല്‍സ് ടൂള്‍സ് കമ്പനിയില്‍ ജോലിയിലിരിക്കെയാണ് ശ്രീലങ്കക്കാരന്‍ ദിനേഷ്‌കുമാറും ഇസാഖും തമ്മില്‍ പരിചയപ്പെടുന്നത്. ഓസ്‌ട്രേലിയയിലേക്ക് ആളുകളെ കയറ്റി അയച്ചാല്‍ പണം ഉണ്ടാക്കാമെന്നും അതിന് ബോട്ടുവാങ്ങണമെന്നും ദിനേശ്കുമാര്‍ ഇസാഖിനെ ധരിപ്പിച്ചു.
ഇതനുസരിച്ച് ഇസാഖ് 45,000 രൂപയും ഷാജഹാന്‍ രണ്ടുലക്ഷം രൂപയും ബോട്ടുവാങ്ങുന്നതിനായി നല്‍കി. പൊന്നാനി സ്വദേശി കബീര്‍ എന്നയാള്‍ മുഖേനയാണ് എട്ടുലക്ഷം രൂപനല്‍കി പൊന്നാനി തുറമുഖത്തുനിന്ന് ബോട്ട് വാങ്ങിയത്.
ഷാജഹാന്റെ പേരിലാണ് ബോട്ടുവാങ്ങിയിട്ടുള്ളത്. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയ്യാറായ ശ്രീലങ്കന്‍ അഭയാര്‍ഥികളില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊന്നാനി പോലീസ് അടുത്ത ദിവസം ചെന്നൈയിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് പോകും.
പൊന്നാനി എ.എസ്.ഐ. കെ. നടരാജന്‍ അഡീഷണല്‍ എസ്.ഐ. ഇ. സുധാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇസാഖിനെയും ഷാജഹാനെയും പിടികൂടിയത്.