മലപ്പുറം: പുലാമന്തോളില്‍ നിന്ന് പാലൂര്‍, രണ്ടാംമൈല്‍, വളപുരം റൂട്ടിലേക്കും തിരിച്ചും ദിവസേന അറുപതോളം വരുന്ന ഓട്ടോറിക്ഷകള്‍ പാരലല്‍ സര്‍വീസ് നടത്തുന്നതിനാല്‍ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതായി ബസ്സുടമകളും തൊഴിലാളികളും പറഞ്ഞു. ഇത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍, ആര്‍.ടി.ഒ, ജില്ലാ പോലീസ് മേധാവി, മറ്റ് പോലീസ് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് സൂചനാസമരവും നടത്തി. തുടര്‍ന്ന് അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചപ്പോള്‍ പോലീസുമായി ചര്‍ച്ച നടത്തുകയും സമാന്തര സര്‍വീസ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയുംചെയ്തു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചതായി ബസ് തൊഴിലാളികള്‍ പറയുന്നു.

ഓട്ടോ പാരലല്‍ സര്‍വീസ് കാരണം പത്തോളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ദിവസം 2000 രൂപവരെ നഷ്ടവുമുണ്ടാകുന്നു. പാരലല്‍ സര്‍വീസുകളെ നിയന്ത്രിക്കാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറയുന്നു. പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡില്‍ അനധികൃതമായി വാഹനങ്ങള്‍ കയറുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണെന്ന് ഫൈസല്‍ പൊന്നങ്ങത്തൊടി, അഷ്‌റഫ് ചെറുകാട്ടില്‍, അഷ്‌റഫ് അത്തിപ്പറ്റ, സുല്‍ത്താന്‍ നാണി എന്നിവര്‍ പറഞ്ഞു.
 
Top