മലപ്പുറം:കാലാനുസൃതമായ കൂലി വര്‍ധനവും മറ്റ് ആവശ്യങ്ങളുമുന്നയിച്ച് പൊന്നാനി, തിരൂര്‍ താലൂക്ക് ഭാരതപ്പുഴ അംഗീകൃത മണല്‍ത്തൊഴിലാളി സംയുക്ത സമരസമിതി പണിമുടക്കിനൊരുങ്ങുന്നു. തൊഴിലാളികളുടെ കൂലി ടണ്ണിന് 1000 രൂപയാക്കി ഉയര്‍ത്തുക, എല്ലാ പ്രവൃത്തിദിവസങ്ങളിലും മണലെടുക്കാന്‍ അനുമതി നല്‍കുക, പാസിന് ഏകജാലക സംവിധാനം കൊണ്ടുവരിക, വഞ്ചിയും മറ്റ് തൊഴിലുപകരണങ്ങളും തദ്ദേശസ്ഥാപനങ്ങളോ റിവര്‍മാനേജ്‌മെന്റ് ഫണ്ടില്‍നിന്നോ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇതിന് മുന്നോടിയായി 14ന് തൊഴിലാളികളും കുടുംബാംഗങ്ങളും കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. 

10 കൊല്ലം മുമ്പ് നിശ്ചയിച്ച കൂലി വര്‍ധിപ്പിച്ചതിന്റെ പേരില്‍ ഇടനിലക്കാരും വാഹന ഉടമകളും മണല്‍ വില ഭീമമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂലി വര്‍ധന ഉള്‍പ്പെടെയുളള ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് നടത്താനും ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടുംവരെ സമരം നടത്താനും സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ അംഗീകൃത മണല്‍ത്തൊഴിലാളി സംയുക്ത സമരസമിതി ചെയര്‍മാന്‍ ആതവനാട് മുഹമ്മദ്കുട്ടി, കണ്‍വീനര്‍ ഇ. ബാലകൃഷ്ണന്‍, ട്രഷറര്‍ ചെമ്പിക്കല്‍ അഹമ്മദ്കുട്ടി, ഉദയന്‍ കെ.എന്‍ എന്നിവര്‍ പങ്കെടുത്തു.
 
Top