മലപ്പുറം: വിദ്യാര്‍ഥികളെ സേവനസന്നദ്ധരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'തണല്‍ക്കൂട്ട്' പരിപാടി കൂടുതല്‍ കാമ്പസുകളിലേക്ക് വ്യാപിപ്പിക്കുന്നു. കോളേജ്-ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കാംപയിന് പ്രാമുഖ്യം നല്‍കും. ഇതിനായി 2,000 വളണ്ടിയര്‍മാരെ കാംപസില്‍നിന്ന് തിരഞ്ഞെടുക്കും. എകൈ്‌സസ് വകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. നിലവില്‍ ആറ് കാമ്പസുകളില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തണല്‍ക്കൂട്ടിന്റെ ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് ഉണ്ടാക്കിയ ജില്ലാതല സമിതിയുടെ ആദ്യയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ എന്നിവരും പങ്കെടുത്തു. 20 കാംപസുകള്‍കൂടി യൂണിറ്റ് തുടങ്ങാന്‍ സന്നദ്ധത അറിയിച്ചതായി 'തണല്‍ക്കൂട്ട്' ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍ അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ദുരുപയോഗത്തെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിന് 'ഇ. പോസിറ്റീവ്' പദ്ധതി നടപ്പാക്കും. ഓരോ പോലീസ് സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ഒരു സിവില്‍പോലീസ് ഓഫീസര്‍ക്ക് പരിശീലനം നല്‍കി ഇവരുടെ സേവനം കാമ്പസുകളില്‍ ലഭ്യമാക്കും. അവയവദാനത്തെക്കുറിച്ച് ബോധവത്കരണം, രക്തദാനത്തിന് വിദ്യാര്‍ഥികളെ സജ്ജമാക്കല്‍ എന്നിവ കൂടാതെ ഗ്രൂപ്പ് ഡോണേഴ്‌സ് ഫോറവും രൂപവത്കരിക്കും. നല്ല ഭക്ഷണശീലങ്ങള്‍ പാലിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കും. റോഡപകടങ്ങളില്‍ സഹായമെത്തിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിന് എം.ഇ.എസ്. മെഡിക്കല്‍ കോളേജിന്റെയും ഏഞ്ചല്‍സിന്റെയും സഹകരണത്തോടെ ട്രോമാ കെയര്‍ പരിശീലനം നല്‍കും.

പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി പങ്കാളികളാവുന്ന സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുഖ്യ രക്ഷാധികാരികള്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, വൈസ് ചെയര്‍മാന്മാരായ എ.കെ. അബ്ദുറഹ്മാന്‍, വി. ഷൗക്കത്ത്, ജനറല്‍ കണ്‍വീനര്‍ ജോഷി ജോസഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
 
Top