തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സൗജന്യ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യു.ജി.സി മൈനോറിറ്റി കോച്ചിങ് സെന്ററിന്റെ പുതിയ കോ-ഓര്‍ഡിനേറ്ററായി ഫോക്‌ലോര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സോമന്‍ കടലൂരിനെ നിയമിച്ചിട്ടുണ്ട്.

ഡിസംബര്‍ 30ന് നടക്കുന്ന മാനവിക വിഷയങ്ങളുടെ നെറ്റ് എഴുതുന്നതിനുള്ള അപേക്ഷ സര്‍വകലാശാല ക്ഷണിച്ചിട്ടുണ്ട്. സാധാരണയായി ഒക്ടോബര്‍ മാസത്തിലാണ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുക. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇത് പ്രയോജനപ്പെടുത്താറുള്ളത്. എന്നാല്‍ നെറ്റ് അപേക്ഷ ക്ഷണിച്ചിട്ടും പരിശീലനത്തിനുള്ള അപേക്ഷ കാണാത്തതോടെ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 'മാതൃഭൂമി' തിങ്കളാഴ്ച നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശീലനത്തിന് ഉടനടി അപേക്ഷ ക്ഷണിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

പരിശീലന പരിപാടികള്‍ക്കായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 36 ലക്ഷം രൂപയാണ് യു.ജി.സി സര്‍വകലാശാലയ്ക്ക് അനുവദിച്ചത്. ഇതില്‍ 18 ലക്ഷം രൂപ നേരത്തെ ലഭിച്ചിരുന്നു. പിന്നീട് ലഭിച്ച ബാക്കി 18 ലക്ഷം രൂപയില്‍ ഒമ്പതുലക്ഷം രൂപ പരിശീലനത്തിനായി ചെലവഴിക്കാന്‍ മൈനോറിറ്റി കോച്ചിങ് സെന്ററിന് കൈമാറി.

സുവോളജി പഠനവിഭാഗത്തിലെ ഡോ. എം. നാസറായിരുന്നു നേരത്തെ കോ-ഓര്‍ഡിനേറ്റര്‍. ഈ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് രണ്ട് മാസം മുന്‍പ് അദ്ദേഹം കത്തുനല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതിനാല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് ആളില്ലാത്ത അവസ്ഥയുണ്ടായി. ഡോ. സോമന്‍ കടലൂരിനെ കോ-ഓര്‍ഡിനേറ്ററാക്കിയതോടെ ഈ പ്രശ്‌നത്തിനും പരിഹാരമായി.

ബിരുദാനന്തരബിരുദം നേടിയ പട്ടിക വര്‍ഗം, പട്ടികജാതി, ഒ.ബി.സി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍, മറ്റ് വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് നെറ്റ് പരിശീലന ക്ലാസുകള്‍ക്ക് അപേക്ഷിക്കാനാകുക. കാമ്പസില്‍ നടക്കുന്ന പരിശീലനത്തിന് 28വരെ അപേക്ഷിക്കാം. 12 ദിവസത്തെ ക്ലാസാണുണ്ടാവുക. ബയോഡാറ്റ, ഫോണ്‍ നമ്പര്‍, ബിരുദാനന്തര ബിരുദ മാര്‍ക്ക് ലിസ്റ്റ്, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് അല്ലെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 50 രൂപയുടെ ചലാനടച്ചതിന്റെ രശീതി എന്നിവ അടക്കമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ അയക്കേണ്ട വിലാസം: ഡോ. സോമന്‍ കടലൂര്‍, കോ-ഓര്‍ഡിനേറ്റര്‍, യു.ജി.സി. സെന്റര്‍ ഫോര്‍ മൈനോറിറ്റി കോച്ചിങ്, ഫോക്‌ലോര്‍ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, സര്‍വകലാശാല പി.ഒ., മലപ്പുറം ജില്ല - 673635.
 
Top