കരുളായി: ചെറുപുഴയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. ചെറുപുഴ പൊട്ടിയിലെ കൊച്ചുമലയില്‍ ജോസിന്റെ മൂന്ന് തെങ്ങും 10 കവുങ്ങുമാണ് ഞായറാഴ്ച രാത്രിയില്‍ ആനക്കൂട്ടം നശിപ്പിച്ചത്. ജോസിന്റെ കൃഷിയിടത്തിലുണ്ടായിരുന്ന 300-ഓളം വാഴകള്‍ കഴിഞ്ഞദിവസം ആന നശിപ്പിച്ചിരുന്നു.

കൃഷിക്കും വീടിനും സംരക്ഷണം നല്‍കുന്നതിന് കൃഷിയിടത്തിനുചുറ്റും സൗരോര്‍ജ്ജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും നശിപ്പിച്ചാണ് ആനക്കൂട്ടം കൃഷിയിടത്തില്‍ കയറിയത്. ഞായറാഴ്ച സൗരോര്‍ജ്ജവേലി പ്രവര്‍ത്തിച്ചിരുന്നെങ്കിലും വേലിയില്ലാത്ത ഭാഗത്തുകൂടി തോട്ടത്തില്‍കടന്ന ആനകള്‍ തെങ്ങ് സൗരോര്‍ജ്ജവേലിയിലേക്ക് മറിച്ചിട്ടു. വേലിയുടെ പ്രവര്‍ത്തനം തകരാറിലാക്കിയശേഷം വേലി കടന്നാണ് ആനകള്‍ മടങ്ങിയത്. 

രണ്ടുദിവസം മുമ്പും ഇവിടെ ആനകള്‍കയറി കവുങ്ങ് നശിപ്പിച്ചിരുന്നു. കരുളായി വനത്തില്‍നിന്നും ചെറുപുഴ മുറിച്ചുകടന്നാണ് ഈ ഭാഗങ്ങളിലേക്ക് ആനക്കൂട്ടമെത്തുന്നത്. വന്യമൃഗശല്യം തടയുന്നതിന് നേരത്തെ പുഴയ്ക്കിക്കരെ വനംവകുപ്പ് സൗരോര്‍ജ്ജവേലി സ്ഥാപിച്ചിരുന്നു. പരിചരണമില്ലാത്തതിനാല്‍ അത് നശിച്ചുകിടക്കുകയാണ്.
 
Top