
തവനൂര്‍: ചമ്രവട്ടം റഗുലേറ്ററിന്റെ ഷട്ടറിനടിയിലൂടെയുള്ള ചോര്‍ച്ച പരിഹരിക്കാന്‍ നടപടിതുടങ്ങി. ഷട്ടറിനടിഭാഗത്ത് മണല്‍നിറയ്ക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളത്തിനൊപ്പം പാലത്തിനടിഭാഗത്തെ മണലും ഒലിച്ചുപോയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 29-ാമത്തെ ഷട്ടറിനടിയിലൂടെ വെള്ളം ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഭാരതപ്പുഴയില്‍ ഉയര്‍ന്ന ജലനിരപ്പും ചോര്‍ച്ചയും കണക്കിലെടുത്ത് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ 32 ഷട്ടറുകള്‍ അധികൃതര്‍ തുറന്നിരുന്നു.
റഗുലേറ്ററിന്റെ ഷട്ടറിനടിയിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയത് ജലസംഭരണത്തിന് തിരിച്ചടിയായിട്ടുണ്ടെങ്കിലും ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനുശേഷമേ അറ്റകുറ്റപ്പണി നടത്താന്‍ കഴിയൂ. അധികൃതര്‍ നടത്തിയ പരിശോധനിയില്‍ 35-ാമത്തെ ഷട്ടറിനടിയിലും ഇത്തരത്തിലുള്ള ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്.
വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെയാണ് ചൊവ്വാഴ്ച മുതല്‍ അറ്റകുറ്റപ്പണി തുടങ്ങിയത്. പാലത്തിന്റെ ഷട്ടറിന് സമാന്തരമായി താത്കാലിക ബണ്ട് നിര്‍മിച്ചശേഷമേ ചോര്‍ച്ച ശാശ്വതമായി പരിഹരിക്കാന്‍ കഴിയൂ. ബണ്ടിന്റെ നിര്‍മാണം അടുത്തദിവസംതന്നെ തുടങ്ങുമെന്നും ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
റഗുലേറ്ററിന്റെ 28 മുതല്‍ 70 വരെയുള്ള ഷട്ടറുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ ഭാരതപ്പുഴയിലെ വെള്ളം ശക്തിയായി കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.