തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവില്‍ പിതൃതര്‍പ്പണത്തിനായി തുലാവാവ് ദിവസം ആയിരങ്ങളെത്തി. ചൊവ്വാഴ്ച കാലത്ത് തുടങ്ങിയ വാവുബലി ചടങ്ങുകള്‍ ഉച്ചവരെ നീണ്ടു. ദീപാവലിയായതിനാല്‍ ഇത്തവണ വന്‍ ഭക്തജനത്തിരക്കായിരുന്നു. ഇരുപതിനായിരത്തോളം പേരാണ് ക്ഷേത്രക്കടവിലെത്തിയത്.

'ഗംഗേച യമുനേ ചൈവ...' എന്നിങ്ങനെ സപ്തനദികളെ സ്മരിച്ചുകൊണ്ട് മന്ത്രോച്ചാരണത്തോടെ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം അംഗീകരിച്ച കര്‍മ്മികള്‍ നേതൃത്വം നല്‍കി. നിളയില്‍ മുങ്ങി ഈറനോടെ ദര്‍ഭ, എള്ള്, പൂവ്, അരി, ചന്ദനം എന്നിവയുമായാണ് ഭക്തര്‍ ബലിയര്‍പ്പിച്ചത്. ചടങ്ങുകള്‍ക്കൊടുവില്‍ നാവാമുകുന്ദ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള ശിവ, ബ്രഹ്മ ക്ഷേത്രങ്ങളെയും നാവാമുകുന്ദനെയും തൊഴുത് വീണ്ടും നിളയില്‍ മുങ്ങിനിവര്‍ന്നാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായത്. 

തിലഹോമം, സായുജ്യപൂജ, കാല്‍കഴിച്ചൂട്ട്, ഗീതാപാരായണം, അന്നദാനം തുടങ്ങിയ വഴിപാടുകള്‍ പിതൃമോക്ഷത്തിനായി നടത്തി നാവാമുകുന്ദനെ തൊഴുതശേഷമാണ് മിക്കവരും ക്ഷേത്രാങ്കണത്തില്‍ നിന്നും തിരിച്ചത്.

കാലത്ത് മൂന്നുമണി മുതല്‍ തന്നെ നീണ്ട നിരയാണ് വാവുബലിക്കായുണ്ടായത്. തിരക്ക് ഏതാണ്ട് 10മണിവരെയും ഉണ്ടായിരുന്നു. സുരക്ഷയ്ക്കായി വന്‍ പോലീസ്‌സംഘവും. ഫയര്‍ഫോഴ്‌സ്, തോണി, മെഡിക്കല്‍ സംഘവും സജീവമായി രംഗത്തുണ്ടായിരുന്നു. ദേവസ്വം 50 പ്രത്യേക വളണ്ടിയര്‍മാരെയും നിയമിച്ചിരുന്നു.
 
Top