തിരുനാവായ: രണ്ടരലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന തിരുനാവായ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. പദ്ധതിയ്ക്ക് പൈപ്പ്‌ലൈന്‍ വലിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാന്‍ വൈകിയത് കാരണം പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രത്യേക താത്പര്യപ്രകാരം ബുധനാഴ്ച തിരുവനന്തപുരത്ത് ജലവിഭവമന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ദേശീയപാത ഉദ്യോഗസ്ഥരും ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാരുമായും വിശദമായ ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പൈപ്പ്‌ലൈന്‍ വലിക്കാന്‍ വേണ്ട അനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് തടസ്സങ്ങള്‍ നീങ്ങുകയും പണി തുടങ്ങാന്‍ അവസരമൊരുങ്ങുകയുമായിരുന്നു.

യോഗത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, നാഷണല്‍ ഹൈവേ ചീഫ് എഞ്ചിനീയര്‍, ജലഅതോറിറ്റി മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു.
 
Top