
കുറ്റിപ്പുറം: പഞ്ചായത്ത് സംഘടിപ്പിച്ച മിനിപമ്പ ശുചിത്വപദ്ധതി ഉദ്ഘാടനത്തില്‍നിന്ന് സംഘര്‍ഷ സാധ്യതകാരണം എം.പി. പിന്‍മാറി. വന്‍ പോലീസ്‌സംഘം സ്ഥലത്ത് സുരക്ഷയ്‌ക്കെത്തിയിരുന്നു.
ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയാണ് അവസാന നിമിഷം പരിപാടി റദ്ദാക്കിയത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ എത്തിയെന്നറിഞ്ഞാണ് എം.പി. പിന്‍മാറിയത്. കെ.ടി. ജലീല്‍ എം.എല്‍.എയും ഉദ്ഘാടനത്തിനെത്തിയില്ല.
പ്രതിഷേധക്കാര്‍ ഉദ്ഘാടനവേദിയ്ക്കരികില്‍ തമ്പടിച്ചതോടെ നേതാക്കളും പോലീസും എം.പി.യോട് പരിപാടി റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായാണ് എം.പി.യെ വിലക്കിയതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം മിനിപമ്പയില്‍ തീര്‍ഥാടകന്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ യുവമോര്‍ച്ച തീരുമാനിച്ചിരുന്നു. എം.പി. ഉദ്ഘാടനത്തിനെത്തുമ്പോള്‍ കരിങ്കൊടി കാണിക്കുമെന്നും ഉദ്ഘാടനം തടയുമെന്നും സൂചനകള്‍ ലഭിച്ചതിനാല്‍ പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയത്.
വളാഞ്ചേരി സി.ഐ. എ.എം. സിദ്ദിഖ്, എസ്.ഐ.മാരായ പി.കെ. രാജ്‌മോഹന്‍, ബഷീര്‍ ചിറയ്ക്കല്‍, തിലകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് എത്തിയത്. വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പിന്നീട് അറസ്റ്റുചെയ്ത് നീക്കി.
പഞ്ചായത്ത് മിനിപമ്പയില്‍ ഒരുക്കുന്ന സൗകര്യങ്ങളുടെ ഭാഗമായാണ് വര്‍ഷംതോറും മിനിപമ്പ ശുചിത്വ പദ്ധതിയെന്ന പേരില്‍ ഉദ്ഘാടനം നടത്താറുള്ളത്. ഉദ്ഘാടനം ഒരുദിവസം വൈകിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. എം.പിയുടെ സൗകര്യമനുസരിച്ചാണ് ഉദ്ഘാടനം വൈകിച്ചതെന്ന്ആക്ഷേപമുണ്ടായിരുന്നു.
എം.പിയുടെ അഭാവത്തില്‍ തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശാന്തകുമാരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സുരേഷ് പൊല്‍പ്പാക്കര, എന്‍. കുമാരന്‍, എ.പി. സദാനന്ദന്‍, പ്രത്യുഷ് അയങ്കലം, അബ്ദുല്‍ ജലാല്‍, എസ്.ഐ. പി. കെ. രാജ്‌മോഹന്‍, സ്‌പെഷല്‍ ഓഫീസര്‍ സേതുമാധവന്‍, ടി. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.