തിരൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച തിരൂരിലെത്തും. തിരൂര്‍ കോ- ഓപ്പറേറ്റീവ് ഹോസ്​പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡിന്റെ തിരൂര്‍ തുഞ്ചന്‍പറമ്പിന് സമീപം ഏറ്റിരിക്കടവിനടുത്ത് തുടങ്ങുന്ന മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്​പത്രി കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രിയെത്തുന്നത്. ഉച്ചയ്ക്ക് 12ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ആസ്​പത്രിയുടെ ഷെയര്‍ സമാഹരണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയാണ് ആസ്​പത്രി കമ്മിറ്റി ചെയര്‍മാന്‍. ഇവിടെയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ശിങ്കാരിമേളം, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാദ്യമേളങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള പന്തല്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ സി.പി. വേലായുധന്‍ അധ്യക്ഷതവഹിച്ചു. എന്‍.എ. ബാവ, എം. അബ്ദുള്ളക്കുട്ടി, വെട്ടം ആലിക്കോയ, എ. കോയക്കുട്ടി ഹാജി, കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി, സിപി. കുഞ്ഞിമോള്‍, കെ.എന്‍.എ. റഷീദ്, വി.ഇ.എ. ലത്തീഫ്, പി.വി. ഉസ്മാന്‍, സി.കെ. ഹമീദ് നിയാസ്, ഇ. മുഹമ്മദലി, കെ.പി. ഫസലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top