തിരൂര്‍: പൂര്‍ണ ഹെല്‍മെറ്റ് നിര്‍ബന്ധിത നഗരമായി മാറാന്‍ തിരൂര്‍ തയ്യാറെടുക്കുന്നു. 2013 ആദ്യദിനം ഇതിന്റെ പ്രഖ്യാപനം നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തയ്യാറെടുപ്പ് തുടങ്ങി.

ബൈക്കപകടങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചതോടെ ഹെല്‍മെറ്റ് ധരിക്കാതെയും മൂന്നുപേരെ കയറ്റി ബൈക്കോടിച്ചും നിയമംലംഘിച്ച ബൈക്ക്‌യാത്രക്കാരെ പിടികൂടി തിരൂര്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഭാവിയില്‍ നഗരത്തിലൂടെ ഒരാള്‍പോലും ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ പോകരുതെന്ന് ഉറപ്പാക്കുകയാണ് അടുത്തലക്ഷ്യം.

തിരൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ ചാലക്കുടി എം.വി.ഐയുമായ പി.എ. നസീര്‍, തിരൂര്‍ സി.ഐ ആര്‍. റാഫി, ഡിവൈ.എസ്.പി കെ.സലീം, എസ്.ഐ ജ്യോതീന്ദ്രകുമാര്‍ എന്നിവരുടെ ചര്‍ച്ചകളുടെ ഫലമായിട്ടാണ് പദ്ധതി. നഗരാതിര്‍ത്തിയില്‍ വെച്ചുതന്നെ തടഞ്ഞ് ഹെല്‍മെറ്റില്ലാതെ നഗരത്തിലൂടെ ബൈക്ക് ഓടിക്കാന്‍ അനുവദിക്കാത്ത രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തും.


 
Top