
കുറ്റിപ്പുറം: തീവണ്ടിയാത്രയ്ക്കിടെ ആഭരണ മോഷണം. തിരുവനന്തപുരത്തുനിന്ന് കുറ്റിപ്പുറത്തേയ്ക്ക് കയറിയ കണ്ടനകം സ്വദേശിക്കാണ് 13 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായത്.
തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാരന്‍ കാലടി കണ്ടനകം ഇല്ലത്തുപറമ്പില്‍ വേണുവിന്റെ ബാഗാണ് ഷൊറണൂരില്‍വെച്ച് നഷ്ടപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് വണ്ടി ഷൊറണൂരിലെത്തിയത്. എന്‍ജിന്‍ മാറ്റി ഘടിപ്പിക്കുന്നതിനായി കുറച്ചുനേരം സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നു. ഈ സമയം വേണു മൂത്രമൊഴിക്കാനായി പോയി തിരിച്ചുവന്ന് ബാഗ് ഉണ്ടെന്ന് ഉറപ്പാക്കി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി ചായകുടിച്ചു. പിന്നീട് യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. കമ്പാര്‍ട്ട്‌മെന്റില്‍ മുഴുവന്‍ തിരഞ്ഞു. പള്ളിപ്പുറത്തെത്തിയപ്പോള്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ചങ്ങലവലിച്ചതിനെത്തുടര്‍ന്ന് കമ്പാര്‍ട്ട്‌മെന്റിലെത്തിയ ഗാര്‍ഡും ഡ്രൈവറുമെല്ലാം മര്യാദയില്ലാതെയാണ് പെരുമാറിയതെന്ന് വേണു പറഞ്ഞു.
അടുത്ത ആഴ്ച നടക്കുന്ന ഭാര്യാ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് വേണു അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ചത്. സ്വര്‍ണാഭരണങ്ങള്‍ ജോലി സ്ഥലത്തുതന്നെ കൈവശം സൂക്ഷിക്കുകയായിരുന്നു പതിവ്. വിവാഹമായതിനാലാണ് ഇത് കൊണ്ടുവന്നത്. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ വേണു പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ചൊവ്വാഴ്ച ഷൊറണൂരിലെത്തി റെയില്‍വെ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
Post a Comment