0



എടക്കര: കാട്ടുമൃഗ ശല്യം തടയാന്‍ വൈദ്യുത വേലി നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മരുത മേഖലയില്‍ അടിയന്തരമായി നടപ്പാക്കും. നോര്‍ത്ത് ഡി.എഫ്.ഒ. ജോര്‍ജ് പി. മാത്തച്ചന്റെ നേതൃത്വത്തില്‍ മണ്ണിച്ചീനിയില്‍ നടന്ന കര്‍ഷകരുടെയും വനം വകുപ്പ് ജീവനക്കാരുടെയും യോഗമാണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്. കാട്ടുമൃഗങ്ങളെ തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മിന്നല്‍സേനയെ മണ്ണിച്ചീനിയില്‍ ഞായറാഴ്ച കര്‍ഷകര്‍ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്നുണ്ടായ ധാരണപ്രകാരമാണ് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ മണ്ണിച്ചീനിയില്‍ യോഗം നടന്നത്. 

മണ്ണിച്ചീനി, വേണ്ടേക്കുംപൊട്ടി, ഓടപ്പൊട്ടി പ്രദേശങ്ങളിലെ വനാതിര്‍ത്തിയില്‍ വൈദ്യുത വേലി സ്ഥാപിക്കും. സൗരോര്‍ജ വേലി ഫലപ്രദമല്ലെന്ന് കര്‍ഷകര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വൈദ്യുത വേലി നിര്‍മിക്കാന്‍ തീരുമാനിച്ചത്. വേലിയുടെ അറ്റകുറ്റപ്പണികള്‍ കര്‍ഷകര്‍ ചെയ്യും. വനാതിര്‍ത്തിയില്‍ 100 മീറ്റര്‍ വീതിയില്‍ അടിക്കാടുകള്‍ വെട്ടി മാറ്റും. 

ഇത് പഞ്ചായത്തിന്റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുക. റബര്‍ ബുള്ളറ്റ് കൊണ്ട് ആനയെ വെടിവെക്കുന്നതിന് ഒരു പോലിസുകാരന്റെ സേവനം മരുത ഔട്ട് പോസ്റ്റില്‍ ഏര്‍പ്പെടുത്തും.

കൃഷിനാശം നേരിട്ട മുഴുവന്‍ കര്‍ഷകര്‍ക്കും അടിയന്തരമായി നഷ്ടപരിഹാരം നല്‍കും. എന്നാല്‍ വനാതിര്‍ത്തി നിര്‍ണയിക്കാത്തതിനാല്‍ ചില കര്‍ഷകര്‍ക്ക് സഹായം അനുവദിക്കാന്‍ തടസ്സമുണ്ടെന്ന് ഡി.എഫ്.ഒ. യോഗത്തെ അറിയിച്ചു. മരുത, മണ്ണിച്ചീനി, പരലുണ്ട, ഓടപ്പൊട്ടി പ്രദേശങ്ങളില്‍ നിന്നായി നൂറ് കണക്കിന് കര്‍ഷകര്‍ യോഗത്തില്‍ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് അംഗം ബിന്ദു വിജയന്‍, എ.സി.എഫ്. ശിവരാജന്‍, റെയ്ഞ്ച് ഓഫീസര്‍ രവീന്ദ്രനാഥന്‍, ഇ.എ. സുകു, സി.യു. ഏലിയാസ്, കാപ്പില്‍ അഹമ്മദ്കുട്ടി, ബാബു ഗിരീഷ്, എം. ബാലകൃഷ്ണന്‍, സി.ടി. വേലായുധന്‍, ജാനകി പഴമഠത്തില്‍, എം.എസ്. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top