0
അരീക്കോട്: പിന്തുടര്‍ന്ന പോലീസ് ജീപ്പില്‍ മണല്‍വണ്ടി ഇടിപ്പിച്ച് അരീക്കോട് അഡീ. എസ്.ഐ പി.ടി. ശിവദാസനെയും ഡ്രൈവര്‍ ഷഹബീലിനെയും വധിക്കാന്‍ ശ്രമിച്ചതായി കേസ്. ചൊവ്വാഴ്ച ഊര്‍ങ്ങാട്ടിരിയിലെ പൂവത്തിയിലാണ് സംഭവം. പാവണ്ണക്കടവില്‍ നിന്നും മണല്‍ കയറ്റി വരികയായിരുന്ന കെ.എല്‍ 7 പി 9158 നമ്പര്‍ ലോറിയെ ഇരുവരും പിന്തുടര്‍ന്നെങ്കിലും ലോറി അമിതവേഗത്തില്‍ ഓടിക്കുകയായിരുന്നു. പൂവത്തിക്കല്‍ വെച്ച് ലോറി പെട്ടെന്ന് നിര്‍ത്തി പിന്നോട്ടെടുത്ത് പിന്തുടര്‍ന്ന് വരികയായിരുന്ന പോലീസ് ജീപ്പിന്റെ മുന്‍ഭാഗത്ത് ഇടിച്ചു. ഉടന്‍ ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ജീപ്പിലുണ്ടായിരുന്ന എസ്.ഐയും ഡ്രൈവറും രക്ഷപ്പെട്ടു. മുന്‍ഭാഗം നിശ്ലേഷം തകര്‍ന്ന ജീപ്പിന് ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ടെന്ന് പോലീസ് പറഞ്ഞു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനും സര്‍ക്കാര്‍ മുതല്‍ നശിപ്പിച്ചതിനും അനധികൃത മണല്‍ കടത്തിനുമെതിരെ പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പെരുന്നാള്‍ പിറ്റേന്ന് ശനിയാഴ്ച മൂര്‍ക്കനാട് കടവില്‍ പോലീസിനെ ആക്രമിച്ച കേസില്‍ മുഹമ്മദ്‌റഷീദ് എന്ന യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു.

മൂന്നുദിവസം മുമ്പ് തോട്ടുമുക്കം റോഡില്‍ മണല്‍ വണ്ടിയെ പിന്തുടര്‍ന്ന് പിടികൂടിയ ശേഷം പോലീസുകാരനെ കയറ്റി സ്‌റ്റേഷനിലേക്ക് വിട്ട വണ്ടിയില്‍നിന്നും പോലീസുകാരനെ ചവിട്ടിപ്പുറത്താക്കുകയും ലോറിയിലെ മണല്‍ തട്ടി തൊട്ടുപിന്നിലുണ്ടായിരുന്ന പോലീസ് ജീപ്പിന് തടസ്സമുണ്ടാക്കുകയുംചെയ്ത സംഭവത്തില്‍ തെക്കുംമുറി പത്തൂര്‍വീട്ടില്‍ നവാബുദ്ദീനെ(22)യും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

 
Top