
അരീക്കോട്: 62 സ്‌കൂളുകളില്‍ നിന്നെത്തിയ 1400ല്‍പരം കൊച്ചു കായികതാരങ്ങള്‍ പങ്കെടുത്ത അരീക്കോട് ഉപജില്ലാ കായികമേള വേദിയിലെ വന്‍ ജനസഞ്ചയത്തെ ഒളിമ്പിക്‌സ് പതാക വീശി ഒളിമ്പ്യന്‍ ഇര്‍ഫാന്‍ അനുഗ്രഹിച്ചപ്പോള്‍ കൊച്ചുതാരങ്ങള്‍ ആവേശക്കൊടുമുടി കയറി. അരീക്കോട് ഉപജില്ലാ കായികമേള ഉദ്ഘാടനം ചെയ്യാന്‍ തെരട്ടമ്മല്‍ ഗ്രൗണ്ടിലെത്തിയതായിരുന്നു ഇര്‍ഫാന്‍. കായികതാരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചും ദീപശിഖ തെളിയിച്ചും സംസാരിച്ചും കായികതാരങ്ങള്‍ക്കൊപ്പം ഇര്‍ഫാന്‍ ദീര്‍ഘനേരം ചെലവഴിച്ചു.
വര്‍ണബലൂണുകള്‍ ഉയര്‍ന്ന ആകാശത്തിന് താഴെ എന്‍.സി.സിയുടെ ബാന്‍ഡ് വാദ്യത്തിനൊത്ത് മുത്തുക്കുടകളുടെ വര്‍ണവൈവിധ്യത്തോടെ നൂറുകണക്കിന് പിഞ്ചുവിദ്യാര്‍ഥികളും യൂണിഫോമില്‍ സൈക്കിളുമായെത്തിയ കുട്ടിക്കൂട്ടങ്ങളും തുടങ്ങി കരിമരുന്ന് പ്രയോഗം വരെയുള്ള വൈവിധ്യങ്ങള്‍ ഇര്‍ഫാനെപ്പോലും അമ്പരപ്പിച്ചു. ഒട്ടേറെ സ്‌കൂള്‍മീറ്റുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഒരു സബ്ജില്ലാ മത്സരത്തില്‍ ഇത്രയും വര്‍ണപ്പൊലിമ കാണുന്നത് ആദ്യമാണെന്നും ഇത് ജില്ലാ മേളയെ കവച്ചുവെക്കുന്നതാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.
ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സൈനബ അധ്യക്ഷതവഹിച്ചു. എ.ഇ.ഒ കെ.കെ. ഉണ്ണികൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്തംഗം ഡെയ്‌സി ബൈജു, ഇ.പി. ചോയിക്കുട്ടി, വി.വി. വിനോദ്കുമാര്‍, മാത്യുകുട്ടി ഫിലിപ്പ്, പി.കെ. സൈതലവി, കെ. മുഹമ്മദലി, കെ. ഖാലിദ്, കൃഷ്ണന്‍ നമ്പൂതിരി, ഒ. ഹമീദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അണ്ടര്‍ 17 ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗം ഹനാന്‍ ജാവേദിനെ ചടങ്ങില്‍ ആദരിച്ചു. മൂര്‍ക്കനാട് യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. മോഹന്‍ദാസ് സ്വാഗതവും സബ്ജില്ലാ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി ടോമി ചെറിയാന്‍ നന്ദിയും പറഞ്ഞു.
Post a Comment